മണൽതിട്ടകൾ ഭീഷണി; അപകടമേഖലയായി പൊന്നാനി അഴിമുഖം
text_fieldsപൊന്നാനി: മത്സ്യബന്ധന യാനങ്ങൾ പൊന്നാനി അഴിമുഖത്ത് അപകടത്തിൽപെടുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം അഴിമുഖത്ത് താനൂർ സ്വദേശിയുടെ ഫൈബർ വള്ളം മണൽതിട്ടയിലിടിച്ച് മറിഞ്ഞിരുന്നു. വേലിയിറക്ക സമയത്ത് പുതിയ വാർഫിനു സമീപം നങ്കൂരമിടുന്ന ബോട്ടുകൾ മണൽതിട്ടയിൽ തട്ടി കേടുപാട് സംഭവിക്കുന്നതും പതിവാകുന്നു. കൂടാതെ, അഴിമുഖത്തേക്ക് ബോട്ടുകൾ വരുന്ന ഭാഗങ്ങളിലും മണൽതിട്ടകൾ അപകടഭീഷണിയാണ്. അഴിമുഖത്തിന്റെ ഘടനയെക്കുറിച്ച് ബോട്ട് തൊഴിലാളികൾക്ക് കൃത്യമായി അറിയുന്നതിനാലാണ് പലപ്പോഴും അപകടം വഴിമാറുന്നത്. അടുത്തിടെ നടന്ന ഹൈഡ്രോഗ്രാഫിക് സർവേയിലും അഴിമുഖത്ത് മണൽതിട്ടയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്ന് ആഴം കൂട്ടാൻ ഹാർബർ എൻജിനീയറിങ് വിഭാഗം പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിക്കുകയും ഡ്രഡ്ജിങ് ആരംഭിക്കുകയും ചെയ്തു.
എന്നാൽ, ഒരു മാസം കഴിഞ്ഞിട്ടും വാർഫിനു സമീപത്തെ മണൽ നീക്കൽ പ്രവൃത്തി മാത്രമാണ് നടക്കുന്നത്. മൺസൂണായതിനാൽ അഴിമുഖത്ത് തിരയിളക്കം കൂടുതലാണെന്ന കാരണം പറഞ്ഞാണ് ഡ്രഡ്ജിങ് ആരംഭിക്കാൻ വൈകുന്നത്. സെപ്റ്റംബറിൽ അഴിമുഖം ഭാഗത്ത് ഡ്രഡ്ജിങ് ആരംഭിക്കുമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ മധു പറഞ്ഞു. പ്രളയത്തെത്തുടർന്ന് അടിഞ്ഞ മണൽതിട്ട നീക്കംചെയ്തിരുന്നെങ്കിലും വീണ്ടും അടിയുകയായിരുന്നു. അഴിമുഖത്തെത്തുമ്പോൾ തൊഴിലാളികൾ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് പൊന്നാനി കോസ്റ്റൽ സി.ഐ ശശീന്ദ്രൻ മേലയിൽ പറഞ്ഞു.
കടലിൽനിന്നുള്ള മണൽ ശക്തമായ വേലിയേറ്റസമയത്ത് പൊന്നാനി അഴിമുഖത്തേക്ക് എത്തുന്നതിനാൽ രൂപപ്പെടുന്ന തിട്ടകൾ ബോട്ടുകൾക്ക് അപകടമുണ്ടാക്കുന്നത് ഒഴിവാക്കാനാണ് ഡ്രഡ്ജർ എത്തിച്ച് പുഴയിലെ മണൽ നീക്കുന്നത്. വലിയ ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കിയാൽ മാത്രമേ ശാശ്വത പരിഹാരമാകൂവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അഴിമുഖത്ത് മണൽ അടിഞ്ഞതിനാൽ നിരവധി അപകടങ്ങളാണ് ഇതിനകം സംഭവിച്ചത്. രണ്ടു വർഷമായി പത്തോളം ബോട്ടപകടങ്ങളാണുണ്ടായത്. ഡ്രഡ്ജിങ് പൂർത്തിയായാൽ ബോട്ടുകൾക്ക് സുഗമമായി സഞ്ചരിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.