തൃക്കാക്കര എന്നും വലതുപക്ഷം: വോട്ടുചോർച്ച ഭീഷണി
text_fieldsകൊച്ചി: സംസ്ഥാനത്തെ പുതുമുഖ മണ്ഡലമായ തൃക്കാക്കരക്ക് ഇത് കന്നി ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും കോൺഗ്രസിന് ഒപ്പം നിന്നതാണ് മണ്ഡലം. എങ്കിലും മൂന്നുതവണയും യു.ഡി.എഫ് വോട്ട് ശതമാനം കുറഞ്ഞുവന്നിട്ടുണ്ട്. ആദ്യ രണ്ട് തെരഞ്ഞെടുപ്പിലും ഒരേ വോട്ടുശതമാനം സൂക്ഷിച്ച എൽ.ഡി.എഫിന് പക്ഷേ, 2021ൽ മൂന്നുശതമാനം വോട്ടുകുറഞ്ഞു.
കണയന്നൂർ താലൂക്കിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയും കൊച്ചി കോർപറേഷനിലെ ഇടപ്പള്ളി, വൈറ്റില സോണുകളിലെ 22 ഡിവിഷനുകളും ചേർന്നതാണ് തൃക്കാക്കര നിയമസഭ മണ്ഡലം. 2011ൽ രൂപവത്കൃതമായ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ ആദ്യ എം.എൽ.എയായി. 55.88 ശതമാനം വോട്ട് നേടി സി.പി.എമ്മിലെ എം.ഇ. ഹസൈനാരെയാണ് തോൽപിച്ചത്. എൽ.ഡി.എഫിന് അന്ന് ലഭിച്ചത് 36.87 ശതമാനം വോട്ടാണ്. ബി.ജെ.പി സ്ഥാനാർഥി എസ്. സജികുമാറിന് 5.04 ശതമാനം വോട്ടും.
2016ൽ പി.ടി. തോമസ് ആദ്യമായി മത്സരിച്ചപ്പോൾ കോൺഗ്രസ് വോട്ട് ശതമാനം 45.42 ശതമാനമായി കുറഞ്ഞു. സി.പി.എം സ്ഥാനാർഥി സെബാസ്റ്റ്യൻ പോളിനും മുൻതെരഞ്ഞെടുപ്പിനെക്കാൾ കുറഞ്ഞ വോട്ടാണ് ലഭിച്ചത്. 36.55 ശതമാനം. എന്നാൽ, ബി.ജെ.പി സ്ഥാനാർഥി എസ്. സജികുമാർ 10.66 ശതമാനം വോട്ട് കൂടുതലായി നേടി. 15.70 ശതമാനമായിരുന്നു 2016ൽ ബി.ജെ.പി വോട്ട്. 2021ൽ വീണ്ടും പി.ടി. തോമസ് ജനവിധി നേടിയപ്പോൾ കോൺഗ്രസിന് ലഭിച്ച വോട്ട് 43.82 ശതമാനമായി കുറഞ്ഞു. ഇടതു സ്ഥാനാർഥി ഡോ. ജെ. ജേക്കബിനും വോട്ട് വിഹിതം കുറഞ്ഞു-33.32. ബി.ജെ.പിക്കും മുൻ തെരഞ്ഞെടുപ്പിലെ നേട്ടം ആവർത്തിക്കാനായില്ല. എസ്. സജികുമാർ നേടിയത് 11.34 ശതമാനം വോട്ടാണ്. എന്നാൽ, ഇവിടെ ട്വന്‍റി20 സ്ഥാനാർഥി കാടിളക്കി നടത്തിയ പ്രചാരണത്തിന് ഒടുവിൽ 10.18 ശതമാനം വോട്ട് നേടി. ഇക്കുറി 75 അധിക ബൂത്തുകൾ മണ്ഡലത്തിൽ ഉണ്ടാകും. 1250 വോട്ടർമാരിൽ കൂടുതലുള്ള ബൂത്തുകൾക്കാണ് ഓക്സിലറി ബൂത്തുകൾ ഒരുക്കുന്നത്. ഇതോടെ ആകെ ബൂത്തുകൾ 239 എണ്ണമാകും.
തൃക്കാക്കര മണ്ഡലം
ആകെ വോട്ടർമാർ -1,94,690
സ്ത്രീകൾ -1,00,375
പുരുഷന്മാർ -94,314
ട്രാൻസ്ജെൻഡർ -ഒന്ന്
(അന്തിമ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല)പോളിങ് ശതമാനം
2011 -73.76
2016 -74.71
2021 -70.39
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.