ആർ.എസ്.എസ് ഭീഷണി: വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതിരുന്ന കോൺഗ്രസ് ജനപ്രതിനിധിക്ക് പിന്തുണയുമായി നേതാക്കൾ
text_fieldsപാനൂർ: ബി.ജെ.പി-ആർ.എസ്.എസ് ഭീഷണിയെത്തുടർന്ന് വീട്ടിൽനിന്നും പുറത്തിറങ്ങാൻ കഴിയാതിരുന്ന കോൺഗ്രസ് ജനപ്രതിനിധിക്കും പാർട്ടി പ്രവർത്തകർക്കും പിന്തുണയുമായി രാഷ്ട്രീയ നേതാക്കൾ പൊയിലൂരിൽ.
ബി.ജെ.പി ഒഴികെയുള്ള പാർട്ടി നേതാക്കളാണ് ഭീഷണി നേരിടുന്ന വീടുകളിൽ സന്ദർശനം നടത്തിയത്. പാനൂരിനടുത്ത തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ വിളക്കോട്ടൂർ വാർഡിൽനിന്നും യു.ഡി.എഫ് പ്രതിനിധിയായി വിജയിച്ച കൊള്ളുമ്മൽ ബാലനും പ്രദേശത്തെ പ്രധാന പ്രവർത്തകർക്കും പിന്തുണയുമായാണ് നേതാക്കൾ എത്തിയത്.
ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് വാർഡിൽനിന്നും വിജയിച്ച കൊള്ളുമ്മൽ ബാലന് വോട്ടർമാരെ നേരിൽ കാണാനോ നന്ദി രേഖപ്പെടുത്താനോ സാധിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് നേതാക്കൾ പിന്തുണയുമായി എത്തിയത് യു.ഡി.എഫിെൻറ പരാതിയെ തുടർന്ന് ഹൈകോടതി നിർദേശപ്രകാരം പൊലീസ് സംരക്ഷണവും കൊള്ളുമ്മൽ ബാലന് ലഭിച്ചിരുന്നു. പൊലീസ് സംരക്ഷണം ഇപ്പോഴും തുടരുകയാണ്.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബി.ജെ.പി ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സി.പി.എം നേതാവ് ഒ.കെ. വാസു കുറ്റപ്പെടുത്തി.
എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളായ എ.പി. ഭാസ്കരൻ മാസ്റ്റർ, വി.പി. മനോജൻ, ടി.പി. അനന്തൻ മാസ്റ്റർ, സി.കെ.ബി. തിലകൻ, കെ.പി. ചന്ദ്രൻ, എം.കെ. രാജൻ, മോഹനൻ, ജമാൽ ആനിയാട്ട്, അടിയോട്ടിൽ ഇബ്രാഹിം, ഗുരുധർമ പ്രചാരസഭ ഭാരവാഹി കെ.സി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
എന്നാൽ ബി.ജെ.പിക്കെതിരെ നടക്കുന്നത് തികച്ചും ആരോപണം മാത്രമാണെന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ജില്ല സെക്രട്ടറി വി.പി. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.