കൂലി കിട്ടാൻ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി; നാടകീയ രംഗങ്ങൾ
text_fieldsമാന്നാനം: മൊബൈല്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്.മാന്നാനം ഏലങ്കുളത്തിന് സമീപത്തെ പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ടവറിനു മുകളില്‍ കയറി ഇടുക്കി മാമലക്കണ്ടം സ്വദേശിയായ ഷിബുവാണ് ഭീഷണി മുഴക്കിയത്.ഇതോടെ മൂന്നുമണിക്കൂര്‍ നാട് മുൾമുനയിലായി. ഏറെ നേരത്തെ അനുനയത്തിനൊടുവിലാണ് ഇയാളെ താഴെയിറക്കിയത്.
ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഷിബു ടവറിന് മുകളിലേക്ക് കയറുന്നത് കണ്ട സമീപവാസികള്‍ താഴെ ഇറങ്ങാന്‍ പറഞ്ഞെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസിനെ വിവരം അറിയിച്ചു. ഫയര്‍ഫോഴ്സും പൊലീസും എത്തി. സുരക്ഷക്കായി ടവറിന് താഴെ വലകെട്ടി. മരപ്പണിക്കാണ് ഷിബു മാന്നാനത്ത് എത്തിയത്.
കോൺട്രാക്ടർ ജോലി ചെയ്ത കൂലി തരുന്നില്ലെന്നും തനിക്ക് 3000 രൂപ തരണമെന്നും ഷിബു ടവറിന് മുകളിലിരുന്ന് വിളിച്ചുപറഞ്ഞു. പെരുമ്പാവൂരിലേക്ക് പോകാനാണെന്നും ഷിബു പറഞ്ഞു. തുടര്‍ന്ന് പണം തരാമെന്ന് പറഞ്ഞ് ഷിബുവിനെ അനുനയിപ്പിച്ച് 4.30ഓടെ താഴെ ഇറക്കുകയായിരുന്നു.
ഇയാൾ മദ്യപിച്ചിരുന്നതായി സമീപവാസികള്‍ പറഞ്ഞു. കോട്ടയം ഫയര്‍ഫോഴ്സ് ഓഫിസർ കുര്യാക്കോസ്, ഗാന്ധിനഗർ എസ്.എച്ച്.ഒ ഷിജി എന്നിവരാണ് നേതൃത്വം നല്‍കിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.