നഗരസഭ പൂട്ടിയ സ്ഥാപനം വീണ്ടും തുറന്നു; ഒഴിപ്പിക്കാനെത്തിയപ്പോൾ ആത്മഹത്യ ഭീഷണി
text_fieldsതൊടുപുഴ: നഗരസഭ അടച്ചുപൂട്ടി സീൽ ചെയ്ത സേവനകേന്ദ്രം ഉടമ പൂട്ടുപൊളിച്ച് വീണ്ടും തുറന്നു. അടപ്പിക്കാനെത്തിയ നഗരസഭ ചെയർമാനും ഉദ്യോഗസ്ഥർക്കും മുന്നിൽ ഉടമ ആത്മഹത്യഭീഷണി മുഴക്കിയത് നാടകീയ രംഗങ്ങൾക്കിടയാക്കി.ചൊവ്വാഴ്ച വൈകീട്ട് മൂന്നാടെ നഗരസഭയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സി.ജെ ഫോട്ടോസ്റ്റാറ്റ്‌സ് സ്ഥാപനത്തിലാണ് സംഭവം. സ്ഥാപനം അമിത നിരക്ക് ഈടാക്കുന്നതായി നഗരസഭ കൗൺസിലിന് രേഖാമൂലം പരാതികൾ ലഭിച്ചിരുന്നു.
തുടർന്ന്, ഒഴിപ്പിക്കാൻ കഴിഞ്ഞ ഡിസംബർ 12ന് കൗൺസിൽ തീരുമാനിക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ, ഇയാൾ ഒഴിയാൻ തയാറായില്ല. വീണ്ടും പരാതി ഉയർന്നതോടെ കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നഗരസഭ ഉദ്യോഗസ്ഥരെത്തി പൂട്ടി സീൽ ചെയ്തു. എന്നാൽ, സെബാസ്റ്റ്യൻ ഞായറാഴ്ച ഉച്ചയോടെ എത്തി പൂട്ട് തകർത്തു. ഇതിെൻറ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ചെയർമാൻ സനീഷ് ജോർജും ഉദ്യോഗസ്ഥരുമെത്തി കടമുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും കഴുത്തിൽ കയറിട്ട് ആത്മഹത്യഭീഷണി മുഴക്കുകയായിരുന്നു.
ഇതിനിടെ, സ്ഥലത്തെത്തിയ ഭാര്യയുടെ കഴുത്തിലും സെബാസ്റ്റ്യൻ കുരുക്കിട്ടു. പിന്നീട് വ്യാപാരി വ്യവസായി സംഘടനാ നേതാക്കളും പൊലീസും ചേർന്ന് നടത്തിയ ചർച്ചയിലാണ് കടയിൽനിന്നിറങ്ങാൻ സെബാസ്റ്റ്യൻ തയാറായത്. കടമുറി നഗരസഭ വീണ്ടും സീൽ ചെയ്തു. അതേസമയം, 30 വർഷമായി ഇവിടെ സ്ഥാപനം നടത്തുന്ന തന്നോട് ചില കൗൺസിലർമാർക്കുള്ള വിരോധമാണ് പ്രശ്‌നത്തിന് കാരണമെന്ന് സെബാസ്റ്റ്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.