പാർട്ടി നേതാക്കളെ വെല്ലുവിളിച്ചാൽ വീൽചെയറിൽ പോകേണ്ടി വരും -മുഈൻ അലി തങ്ങൾക്ക് ഭീഷണി സന്ദേശം
text_fieldsമലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾക്ക് ഫോണിൽ ഭീഷണി സന്ദേശം. സമുദായ നേതാക്കളെയും പാർട്ടി നേതാക്കളെയും വെല്ലുവിളിച്ച് മുന്നോട്ടുപോകുകയാണെങ്കിൽ വീൽചെയറിൽ പോകേണ്ട ഗതി വരുമെന്നാണ് ഭീഷണി.
‘തങ്ങളേ, നിങ്ങൾ ഈ പോക്ക് പോകുകയാണെങ്കിൽ വീൽചെയറിൽ പോകേണ്ട ഗതി ഉണ്ടാകും. തങ്ങൾ കുടുംബത്തിലായതിനാൽ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. സമുദായ നേതാക്കളെയും പാർട്ടി നേതാക്കളെയും വെല്ലുവിളിച്ച് പോകുകയാണെങ്കിൽ നിങ്ങൾ വീൽചെയറിൽ തന്നെ പോകേണ്ടി വരും. നിങ്ങൾക്കിനി പുറത്തിറങ്ങാൻ പറ്റില്ല. അത്തരത്തിലാണ് ഞങ്ങൾ നീങ്ങുന്നത്. നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകുകയാണെങ്കിൽ വധഭീഷണിയാണിത്’ -ഭീഷണി സന്ദേശത്തിൽ പറയുന്നു.
ഭീഷണി സന്ദേശം മലപ്പുറം സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറുകയും മൊഴി നൽകുകയും ചെയ്തു. മുസ്ലിം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിൽ ആണ് സന്ദേശം അയച്ചതെന്നാണ് പറയുന്നത്. തനിക്കെതിരെ വധഭീഷണി മുഴക്കിയ റാഫി പുതിയകടവിന് പിന്നിൽ ആരാണെന്ന് പൊലീസ് അന്വേഷിക്കട്ടെ എന്ന് മുഈൻ അലി തങ്ങൾ പ്രതികരിച്ചു. കലാപാഹ്വാനം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് എം.എസ്.എഫ് സംഘടിപ്പിച്ച പാണക്കാടിന്‍റെ പൈതൃകം എന്ന സമ്മേളനത്തിൽ, പാണക്കാട് കുടുംബത്തിന്‍റെ ചില്ലയും കൊമ്പും വെട്ടാൻ ആരെയും അനുവദിക്കില്ലെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിന് മുഈൻ അലി തങ്ങൾ പരോക്ഷ മറുപടി നൽകിയിരുന്നു. ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല, അതൊക്കെ ചിലരുടെ തോന്നലുകളാണ്, പ്രായമാകുന്നതിന് അനുസരിച്ച് കാഴ്ചയ്ക്ക് മങ്ങൽ വരും. അതൊക്കെ ചികിത്സിച്ചാൽ മാറും -എന്നിങ്ങനെയായിരുന്നു മുഈൻ അലി തങ്ങൾ പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.