തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിനെത്തിച്ച മൂന്നര കോടി തട്ടൽ: ക്വട്ടേഷൻ നൽകിയത് ഗുണ്ടാനേതാവിന്
text_fieldsതൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിനെത്തിച്ച മൂന്നര കോടി രൂപ തട്ടിയ സംഭവത്തിൽ ക്വട്ടേഷൻ നൽകിയത് കണ്ണൂരിലെ ഗുണ്ടാനേതാവിന്. തൃശൂർ ജില്ലയിലെ രണ്ടു നേതാക്കൾ കൂടിയാലോചിച്ച് കല്യാശ്ശേരിയിലെ ഗുണ്ടാനേതാവ് വഴിയാണ് അപകടം സൃഷ്ടിച്ച് തട്ടിപ്പ് പദ്ധതി തയാറാക്കിയത്. ഇതിനിടെ കേസ് അട്ടിമറിക്കാൻ പൊലീസിലെ ഉന്നത പദവിയിൽ വിരമിച്ച് പാർട്ടി അംഗത്വമെടുത്ത ഉദ്യോഗസ്ഥൻ ഇടപെട്ടതിെൻറ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഇക്കഴിഞ്ഞ മൂന്നിനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലേക്ക് കൊടുത്തയച്ചതിൽ മൂന്നര കോടി രൂപ കൊടകരയിൽവെച്ച് വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തത്. കോന്നിയിലേക്കുള്ള പണമാണ് തട്ടിയെടുത്തതെന്നാണ് പറയുന്നത്.
കോഴിക്കോട്ടുനിന്ന് തൃശൂരിൽ പാർട്ടി ഓഫിസിലെത്തിയ സംഘത്തെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് താമസിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് തൃശൂരിലെ രണ്ടു നേതാക്കൾ പദ്ധതി ആസൂത്രണം ചെയ്തത്. കണ്ണൂരിലെ ഗുണ്ടാ നേതാവിന് ക്വട്ടേഷൻ നൽകുകയായിരുന്നു. അവിടെനിന്ന് എത്താനുള്ള സമയത്തിനനുസരിച്ചാണ് പുലർകാലം തെരഞ്ഞെടുത്തതെന്നാണ് സൂചന. പുലർകാലത്ത് ഇവരെ എഴുന്നേൽപ്പിച്ച് വിടുകയും ക്വട്ടേഷൻ സംഘം പിന്തുടർന്ന് കൊടകര പാലം കഴിഞ്ഞ് അപകടം ഉണ്ടാക്കുകയുമായിരുന്നു.
അപകടത്തിന് പിന്നാലെ പണമടങ്ങിയ കാറെടുത്ത് സംഘം കടന്നു. ഇത് പിന്നീട് സീറ്റുകൾ നശിപ്പിച്ച നിലയിൽ ഇരിങ്ങാലക്കുടയിൽ ഉപേക്ഷിച്ചതായി കണ്ടെത്തി.
പണം തൃശൂരിലെ നേതാക്കൾക്ക് കൈമാറിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. തൃശൂരിലെ വ്യക്തികൾക്ക് നേതാവ് കൈമാറിയ 50 ലക്ഷം രൂപ ഇതിൽനിന്നാണെന്നാണ് സംശയിക്കുന്നത്. ഈ പണത്തിെൻറ ഉറവിടം ഇനിയും വ്യക്തമല്ല. ഫ്ലാറ്റ് വിറ്റുവെന്നാണ് ചില നേതാക്കളോട് പറഞ്ഞതെങ്കിലും ഏത് ഫ്ലാറ്റെന്നോ എവിടെയെന്നോ ആർക്കും അറിയില്ല.
കേന്ദ്രമന്ത്രിയും സംസ്ഥാന നേതാക്കളുമായും ഏറെ അടുപ്പമുള്ള നേതാവും സംഭവത്തിൽ സംശയ നിഴലിലുണ്ട്. കൊടകര പൊലീസിന് ലഭിച്ച പരാതിയെ തുടർന്ന് അന്വേഷണം തുടങ്ങിയതോടെയാണ് കേസ് ഒതുക്കാൻ ശ്രമം തുടങ്ങിയത്. പൊലീസിലെ ഉന്നത പദവിയിലിരിക്കെ വിരമിച്ചശേഷം സ്വകാര്യ കുറ്റാന്വേഷണ ഏജൻസി നടത്തുന്നുണ്ട്. പാർട്ടിയിൽ അംഗത്വമെടുത്ത ഇദ്ദേഹം പൊലീസിലെ അടുപ്പക്കാരുമായാണ് ബന്ധപ്പെട്ടത്. കേസ് അപകടമാക്കി ഒഴിവാക്കാനാണ് ശ്രമം.
മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. കാർ ഡ്രൈവർമാരെ പ്രതിയാക്കി രണ്ടു കേസും ഒതുക്കാനാണ് ശ്രമം. ഇതിനാണ് പൊലീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ഇടപെടുവിച്ചതെന്നാണ് സൂചന. എന്നാൽ, പാർട്ടിയെ നിയന്ത്രിക്കുന്ന സംഘടന സംഭവം ഗൗരവമായാണ് കാണുന്നത്. കഴിഞ്ഞ ദിവസം തൃശൂരിൽ യോഗം വിളിച്ച് നേതാക്കളിൽനിന്നു വിശദാംശങ്ങൾ തേടി.
വാർത്ത പുറത്തുവന്നതോടെ ജില്ലയിലെ രണ്ട് ഗ്രൂപ്പുകളും പരസ്പരം പഴിചാരാൻ തുടങ്ങി. ഇരുഗ്രൂപ്പിലെയും നേതാക്കളെ സംശയത്തിലാക്കി പ്രചാരണവും തുടങ്ങി.
പാലക്കാട്ടും പണം തട്ടാൻ ശ്രമം
പാലക്കാട്ടും പണംതട്ടാൻ ശ്രമം നടന്നതായി പൊലീസിന് വിവരം ലഭിച്ചു. തൃശൂരിലേക്ക് കൊടുത്തുവിട്ട നാല് കോടി രൂപ തട്ടാൻ പാലക്കാട്ടെ പാർട്ടി നേതാക്കൾ പദ്ധതി ആസൂത്രണം ചെയ്തെന്നും ഇതിന് നിയോഗിച്ച കാർ ഡ്രൈവർക്ക് പിഴച്ചതോടെ പാളിപ്പോയെന്നുമാണ് വിവരം. പതിവ് അപകട മേഖലയായ വടക്കഞ്ചേരി ഭാഗത്ത് അപകടം സൃഷ്ടിക്കാനായിരുന്നു ഡ്രൈവർക്ക് മൊബൈൽ ഫോണിലൂെട നേതാക്കൾ നൽകിയ നിർദേശമത്രെ.
എന്നാൽ, സ്ഥലം സംബന്ധിച്ച് വീണ്ടും ഡ്രൈവർ ചോദിച്ച സന്ദേശം ഗ്രൂപ് മാറി പൊലീസിന് കിട്ടിയതാണ് പൊളിയാനിടയായത്. സന്ദേശം മാറി അയച്ചത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പാർട്ടി നേതാക്കളെ അക്കാര്യം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.