ബസ് യാത്രക്കിടെ ഒരു കോടിയുടെ സ്വർണക്കവർച്ച: മൂന്നംഗ സംഘം അറസ്റ്റിൽ, മൂന്ന് പേർ കസ്റ്റഡിയിൽ
text_fieldsഎടപ്പാൾ: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെ ഒരു കോടി രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ അന്തർ ജില്ല പോക്കറ്റടി സംഘം അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി പൊയിൽക്കാവ് നാലേരി വീട് ജയാനന്ദൻ എന്ന ബാബു (61), എറണാകുളം പള്ളുരുത്തി പാറപ്പുറത്ത് ഹൗസ് നിസാർ എന്ന ജോയ് (50), എറണാകുളം പള്ളുരുത്തി നെല്ലിക്കൽ ഹൗസ് നൗഫൽ (34) എന്നിവരാണ് പിടിയിലായത്.
വളാഞ്ചേരിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കയറിയ പ്രതികൾ, കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്വർണവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ജിബിയുടെ ബാഗിലെ സ്വർണാഭരണമാണ് മോഷ്ടിച്ചത്. തുടർന്ന് എടപ്പാളിലിറങ്ങിയ പ്രതികൾ സ്വർണം വീതംവെച്ചെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. എടപ്പാളിൽ ബസിറങ്ങിയവരെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. സ്ഥിരം കുറ്റവാളികളായ ഇവരെ സി.സി ടി.വി ദൃശ്യത്തിലൂടെ പൊലീസ് തിരിച്ചറിയുകയായിരുന്നു. തുടർന്ന് ടവർ ലൊക്കേഷൻ കണ്ടെത്തി ഒരു പ്രതിയെ വലയിലാക്കി. വൈകാതെ മറ്റു പ്രതികളെയും പിടികൂടുകയായിരുന്നു.
ശനിയാഴ്ച രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തൃശൂരിലെ മൊത്ത സ്വർണവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ജിബി തിരൂരിലെ ജ്വല്ലറികളിൽ കാണിക്കാൻ കൊണ്ടുവന്ന 182 പവൻ ആഭരണമാണ് മോഷ്ടിക്കപ്പെട്ടത്. തിരൂരിൽനിന്ന് കുറ്റിപ്പുറത്ത് എത്തിയ ജിബി ശനിയാഴ്ച 9.30ന് തൃശൂരിലേക്കുള്ള ബസിൽ കയറിയപ്പോഴായിരുന്നു മോഷണം. രണ്ട് ബോക്സുകളിലാണ് സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നത്. ഇതിലൊന്നാണ് നഷ്ടപ്പെട്ടത്. സംഭവമറിഞ്ഞയുടൻ ബസടക്കം ചങ്ങരംകുളം സ്റ്റേഷനിലെത്തിച്ച് കേസെടുത്തിരുന്നു. തിരൂർ ഡിവൈ.എസ്.പി ഇ. ബാലകൃഷ്ണന്റെ മേൽനോട്ടത്തിൽ പെരുമ്പടപ്പ് സി.ഐ ബിജുവാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.