കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസിൽ മാഫിയാ തലവനടക്കം മൂന്നു പേർ പിടിയിൽ
text_fieldsകൊണ്ടോട്ടി: കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ. കൊടുവള്ളി സംഘത്തിൽപ്പെട്ട മുഖ്യപ്രതി കിഴക്കോത്ത് കൊടുവള്ളി ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കൽ മുഹമ്മദ് (40), സ്വർണ്ണക്കടത്ത് സംഘത്തിലെ വാവാട് ബ്രദേഴ്സ് ഗ്രൂപ്പ് തലവൻ റസൂഫിയാൻ്റെ സഹോദരൻ കൊടുവള്ളി വാവാട് സ്വദേശി തെക്കേക്കണ്ണി പോയിൽ ജസീർ (31), ഇവർക്ക് ഒളിവിൽ കഴിയാനും ഡൽഹിയിലെ രഹസ്യ സങ്കേതത്തിലേക്ക് രക്ഷപ്പെടുത്തി കൊണ്ടുപോകാനും ശ്രമിച്ച കൊടുവള്ളി കിഴക്കോത്ത് അബ്ദുൽ സലീം (45 )എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈ.എസ്.പി കെ അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പ്രതികൾ ഗോവയിലേക്ക് കടന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണ സംഘം അവിടെ എത്തുകയും ഗോവൻ പൊലീസിൻ്റെ സഹായത്തോടെ പിന്തുടരുകയും ചെയ്തിരുന്നു. എന്നാൽ, അന്വേഷണ സംഘത്തിന്‍റെ കണ്ണുവെട്ടിച്ച സംഘം കർണാടകയിലേക്ക് കടക്കുകയായിരുന്നു.
തുടർന്ന് കർണാടക പൊലീസിൻ്റെ സഹായത്തോടെ ബൽഗാമിൽ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ വെള്ളിയാഴ്ച രാവിലെയാണ് കൊണ്ടോട്ടിയിൽ എത്തിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആപ്പുവിനും സംഘത്തിനും എതിരെ കൊലപാതകശ്രമം, വഞ്ചന കേസുകൾ നിലവിലുണ്ട്.
കൊല്ലം ജില്ലയിലെ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ സാമ്പത്തിക ഇടപാടിൽ വസ്തു എഴുതി വാങ്ങി വാങ്ങി ലോണെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ച കേസും കൊടുവള്ളി സ്റ്റേഷനിൽ സ്വർണക്കടത്തും ഹവാല ഇടപാടുകളുമായി ഒന്നിലധികം വധശ്രമ കേസുകളും നിലവിലുണ്ട്.
വയനാട്ടിൽ വച്ച് ഇയാളുടെ സംഘത്തിൽനിന്ന് മൂന്നുകോടി രൂപയും തോക്കും പിടികൂടിയതിന് ബത്തേരി സ്റ്റേഷനിൽ കേസുണ്ട്. കരിപ്പൂർ സ്വർണക്കവർച്ച ദിവസം ഇയാൾ ഉൾപ്പെട്ട സംഘം കരിപ്പൂരിൽ എത്തിയത് വ്യാജ നമ്പർ ഘടിപ്പിച്ച വാഹനത്തിലായിരുന്നു. തോക്ക് അടക്കമുള്ള ആയുധങ്ങളുമായാണ് സംഘമെത്തിയത് എന്ന് സൂചനയുണ്ട്. അർജ്ജുൻ ആയങ്കിയും സംഘവും വന്ന വാഹനത്തിനു നേരെ സോഡാ കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഇവരുടെ സംഘമായിരുന്നു. ഇതോടെ ഈ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം 38 ആയി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയിൽ വാങ്ങും.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്‍റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫ്, പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂർ ഇൻസ്പക്ടർ ഷിബു, വാഴക്കാട് എസ് ഐ നൗഫൽ, ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ ,പി സഞ്ജീവ്, എ.എസ്ഐ ബിജു, സൈബർ സെല്ലിലെ സുരേഷ്, രാജീവ് ബാബു, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ്, ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ, എസ്.ഐമാരായ സതീഷ് നാഥ്, അബ്ദുൾ ഹനീഫ, ദിനേശ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.