എൻജി. കോളജിലെ കവർച്ച: ജീവനക്കാരനും ഇരട്ട സഹോദരങ്ങളുമുൾപ്പെടെ അറസ്റ്റിൽ
text_fieldsതൃശൂര്‍: ഗവ.എൻജിനീയറിങ് കോളജില്‍ നിന്ന് 35 ലക്ഷം കവര്‍ന്ന സംഭവത്തില്‍ ജീവനക്കാരനും ഇരട്ടസഹോദരന്മാരുമുൾപ്പെടെ മൂന്നുപേരെ അറസ്റ്റുചെയ്തു. കോളജിലെ എൽ.ഡി ക്ലർക്ക് പുല്ലഴി സ്വദേശി തട്ടില്‍ ഉമ്പാവു വീട്ടില്‍ റിജോ ജോണി (30), ഇയാളുടെ ഇരട്ട സഹോദരങ്ങളായ ലിജോ (33), സിജോ (33) എന്നിവരെയാണ് സിറ്റി ക്രൈംബ്രാഞ്ചും വിയ്യൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഏറെ നാളെടുത്ത് ആസൂത്രണം ചെയ്തതാണ് പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.
സിജോ ആണ് മഴക്കോട്ടും, ഹെൽമെറ്റും ധരിച്ച് പ്രിൻസിപ്പലിെൻറ മുറിയിൽ കയറി പണം കവർന്നത്. കവർച്ച ചെയ്ത പണത്തിലെ 30 ലക്ഷം വിവിധയിടങ്ങളിൽ ഒളിപ്പിച്ചത് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. കോളജിലെ സി.സി.ടി.വി ദൃശ്യങ്ങളും ജീവനക്കാരുടെ മൊഴിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ശനിയാഴ്ചയാണ് പ്രിന്‍സിപ്പലിെൻറ മുറിയിലെ അലമാരയില്‍ സൂക്ഷിച്ച 35 ലക്ഷം രൂപ നഷ്ടപ്പെട്ടത്. കോളജില്‍ വിദ്യാർഥികളുടെ പ്രവേശന ഇനത്തിലും പരീക്ഷാഫീസായും ലഭിച്ച പണമാണ് കവര്‍ന്നത്. ലോക്കറിന് സമാനമായ ഇരുമ്പ് പെട്ടിയിലാണ് പണം സൂക്ഷിച്ചിരുന്നത്. താക്കോല്‍കൊണ്ട് തുറന്ന രീതിയിലായിരുന്നു പ്രിന്‍സിപ്പലിെൻറ മുറിയും അലമാരയിലെ ലോക്കറും തുറന്ന് കിടന്നിരുന്നത്.
കുത്തിതുറന്ന ലക്ഷണമില്ലാത്തതിനാല്‍ തുടക്കം മുതലേ ജീവനക്കാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രിന്‍സിപ്പൽ ഉള്‍പ്പെടെ ജീവനക്കാരെ ചോദ്യം ചെയ്തു. സി.സി.ടി.വി കാമറകളും പരിശോധിച്ചു. പരിശോധനയില്‍ ഹെല്‍മെറ്റ് ധരിച്ച ഒരാള്‍ ഗേറ്റ് കടന്നുവരുന്നതും ഓഫിസ് മുറിക്കകത്തു കടക്കുന്നതും മടങ്ങുന്നതും കണ്ടെത്തി. പ്രിൻസിപ്പലിെൻറ മുറിക്ക് അഭിമുഖമായി കാമറയുണ്ടെങ്കിലും പണം സൂക്ഷിച്ച ചെസ്റ്റിന് സമീപത്തെ ദൃശ്യം ലഭിക്കാതിരുന്നതും മഴക്കോട്ടും, ഹെൽമെറ്റും ധരിച്ചതും അന്വേഷണത്തിന് തടസ്സമായി. വാതിലുകൾ കുത്തിത്തുറക്കാതെ നിമിഷ നേരം കൊണ്ടുള്ള കവർച്ചക്ക് ജീവനക്കാരുടെ സഹായമില്ലാതെ കഴിയില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ചോദ്യം ചെയ്യുന്നതിനിടെ തോന്നിയ സംശയമാണ് റിജോയെ കുരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.