സിറോ മലബാർ സഭയിൽ മൂന്ന് പുതിയ സഹായ മെത്രാന്മാർ
text_fieldsകാക്കനാട്: സിറോ മലബാർ സഭയിൽ മൂന്ന് പുതിയ സഹായ മെത്രാന്മാർകൂടി നിയമിതരായി. മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും ഷംഷാബാദ് രൂപതയിൽ ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചത്. സഭയുടെ 30ാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ തെരഞ്ഞെടുത്തത്. ഇവരെ മെത്രാന്മാരായി നിയമിക്കുന്നതിനുള്ള മാർപാപ്പയുടെ സമ്മതം വത്തിക്കാൻ സ്ഥാനപതിവഴി ലഭിച്ചിരുന്നു.
ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. തോമസ് പാടിയത്ത് എന്നിവരെ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഷംഷാബാദ് രൂപത അധ്യക്ഷൻ മാർ റാഫേൽ തട്ടിലും ചേർന്ന് സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. ജർമനിയിലുള്ള ഫാ. അലക്സ് താരാമംഗലം സന്നിഹിതനായിരുന്നില്ല. നിയുക്ത മെത്രാന്മാരുടെ മെത്രാഭിഷേക തീയതി പിന്നീട് നിശ്ചയിക്കും. ഇതോടെ സിറോ മലബാർ സഭയിൽ ശുശ്രൂഷ ചെയ്യുന്നവരും വിരമിച്ചവരുമായി മെത്രാന്മാരുടെ എണ്ണം 65 ആയി.
ഫാ. അലക്സ് താരാമംഗലം തലശ്ശേരി അതിരൂപത അംഗമാണ്. 1958ൽ ജനിച്ച അദ്ദേഹം 1973ൽ തലശ്ശേരി മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ച് 1983 ജനുവരി ഒന്നിന് വൈദികനായി. റോമിലെ ഗ്രിഗോറിയൻ യൂനിവേഴ്സിറ്റിയിൽനിന്ന് തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.
ഷംഷാബാദ് രൂപതയുടെ ഒന്നാമത്തെ സഹായമെത്രാനായി നിയമിക്കപ്പെട്ട പാലാ രൂപത അംഗമായ ഫാ. ജോസഫ് കൊല്ലംപറമ്പിൽ 1955ൽ ജനിച്ചു. പാലാ രൂപതയുടെ മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ച അദ്ദേഹം 1981 ഡിസംബർ 18ന് വൈദികനായി അഭിഷിക്തനായി. 2003 മുതൽ 2011വരെ അരുവിത്തുറ സെന്റ് ജോർജ് കോളജിന്റെ പ്രിൻസിപ്പലായിരുന്നു. മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയുടെ സെനറ്റ് അംഗം, സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ ഷംഷാബാദ് രൂപതയിൽ ഗുജറാത്ത് മിഷൻ പ്രദേശത്തിനുവേണ്ടിയിട്ടുള്ള സിഞ്ചെല്ലൂസായി പ്രവർത്തിക്കുന്നു. ഷംഷാബാദ് രൂപതയുടെ രണ്ടാമത്തെ സഹായമെത്രാനായി നിയമിക്കപ്പെട്ട ഫാ. തോമസ് പാടിയത്ത് ചങ്ങനാശ്ശേരി അതിരൂപത അംഗമാണ്. 1969ൽ ജനിച്ച അദ്ദേഹം 1994 ഡിസംബർ 29ന് വൈദികനായി അഭിഷിക്തനായി.
പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ സമർപ്പിച്ച രാജി മേജർ ആർച് ബിഷപ് സ്വീകരിച്ചതായും സഭ നേതൃത്വം അറിയിച്ചു. ആശ്രമജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തന്റെ തീരുമാനം മുരിക്കൻ കാനൻ നിയമപ്രകാരം മേജർ ആർച് ബിഷപ്പിന് നേരത്തേ അറിയിച്ചിരുന്നു.
പദവി ഉപേക്ഷിച്ച് പാലായുടെ സഹായമെത്രാൻ
പാലാ: പദവി ഉപേക്ഷിച്ച് ആത്മീയതയിൽ ലയിക്കാൻ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ. ബിഷപ്പിന്റെ രാജി സിനഡ് അംഗീകരിച്ചതോടെ സന്യാസജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സാധ്യമായി. കുട്ടിക്കാനത്ത് അദ്ദേഹത്തിന് ഏകാന്ത ജീവിതം നയിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. സന്യാസ ജീവിതത്തിന് ഒരുങ്ങുന്ന, പ്രത്യേക കാഷായ വസ്ത്രം ധരിച്ച അദ്ദേഹത്തിന്റെ വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കുട്ടിക്കാനത്തുനിന്ന് ഉള്ളിലായുള്ള ആശ്രമത്തിലാണ് മുരിക്കൻ പിതാവും ചങ്ങനാശ്ശേരിയിൽ നിന്നുള്ള മറ്റൊരു വൈദികനും ഏകാന്ത ജീവിതം നയിക്കുന്നത്. രണ്ടു മുറികളിൽ ആയാണ് ഇരുവരും താമസിക്കുന്നത്. ആഹാരം ഒരു നേരം മാത്രം. അവനവന് ഉള്ള ഭക്ഷണം സ്വന്തമായി ഉണ്ടാക്കി കഴിക്കണം. എന്നാൽ, സന്ദർശകരെ പൂർണമായി വിലക്കിയിട്ടില്ല. ഭൂരിഭാഗവും പ്രാർഥനകൾക്കായാണ് സമയം ചെലവഴിക്കുന്നത്. 1993ലാണ് ഇദ്ദേഹം പുരോഹിതനായത്. 2012ല്‍ പാലാ രൂപതയുടെ സഹായ മെത്രാനായി നിയോഗിതനായി. 2017 ലാണ് താപസനാകുവാനുള്ള പ്രേരണയായതെന്ന് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. തുടര്‍ന്ന് പാലാ രൂപത മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെയും സിറോ മലബാര്‍ സഭ തലവന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും ആഗ്രഹം അറിയിച്ചു. മാര്‍ ജേക്കബ് മുരിക്കന്‍ താപസനാകുവാനുള്ള അനുമതി സിറോ മലബാര്‍ സഭ സിനഡ് നല്‍കിയതോടെ കേരളത്തിലെ സഭയുടെ ചരിത്രത്തില്‍ പുത്തന്‍ അധ്യായമായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.