മൂന്ന് സ്ഥാനാര്‍ഥികള്‍: ഹൈദരലി തങ്ങളുടെ മൂന്ന് തീരുമാനങ്ങള്‍
text_fieldsഅബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ തലയെടുപ്പോ മുഹമ്മദലി ശിഹാബ് തങ്ങളുടെ വ്യക്തിപ്രഭാവമോ ഇല്ലാതെയാണ് ഇരുവരും ഇരുന്ന കസേരയില്‍ 2009ൽ ഹൈദരലി തങ്ങളെത്തുന്നത്. എന്നാൽ, പാർട്ടി അധ്യക്ഷനെന്ന നിലയിൽ വേറിട്ടുനിൽക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ഏറെ ശ്രദ്ധേയമായിരുന്നു. സംസ്ഥാന സമിതിയോ സെക്രട്ടേറിയറ്റോ ചേര്‍ന്നാലും അവസാന തീരുമാനം പാണക്കാട് തങ്ങള്‍ക്ക് വിടുന്ന മുസ്ലിം ലീഗിലെ രീതിക്ക് അർഥം കൈവന്നത് ഹൈദരലി തങ്ങളുടെ കാലത്താണ്.
പാണക്കാട് തങ്ങളെടുക്കുന്ന ഏത് തീരുമാനവും പാര്‍ട്ടിയുടെ തീരുമാനമാണ്. അതിനെ പിന്തുണക്കാന്‍ നേതൃത്വത്തിന് ധാർമിക ബാധ്യതയുണ്ട്. പാര്‍ട്ടി തീരുമാനങ്ങള്‍ രൂപപ്പെടുത്തുന്ന 'ക്രമ'ത്തെയും നേതാക്കളെയും പാണക്കാട് നിന്നുള്ള പ്രഖ്യാപനം തൃപ്തിപ്പെടുത്തുകയാണ് പതിവ്. എന്നാല്‍, സ്വയംബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം കൈക്കൊണ്ട് പ്രഖ്യാപനം നടത്തി മൂന്നുവട്ടം കീഴ്വഴക്കം തെറ്റിച്ച ചരിത്രമുണ്ട് തങ്ങൾക്ക്.
2014ലാണ്. അന്ന് 80 വയസ്സുള്ള ഇ. അഹമ്മദിനെ പ്രായാധിക്യം കാരണം ലോക്സഭയിലേക്ക് മത്സരിപ്പിക്കരുതെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയർന്നു. അഹമ്മദിന് പകരം പാർലമെന്റിലേക്ക് മുൻപരിചയമുള്ള മറ്റൊരു നേതാവിനെ മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യം. പി.കെ. കുഞ്ഞാലിക്കുട്ടിയും ജില്ല കമ്മിറ്റികളും ഈ നിലപാടിനൊപ്പമായിരുന്നു. തീരുമാനമെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തി.
നടപ്പുരീതിയനുസരിച്ച് അഹമ്മദിന് സീറ്റ് നിഷേധിക്കേണ്ടതായിരുന്നു. എല്ലാവരെയും ഞെട്ടിച്ച് അഹമ്മദിനെ തങ്ങള്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. തീരുമാനത്തിലെ ശരിതെറ്റുകള്‍ക്കപ്പുറം തനിക്കുള്ള അധികാരം തങ്ങള്‍ പ്രയോഗിച്ചുകാണിച്ച സംഭവമായി അത് വിലയിരുത്തപ്പെട്ടു. 2015ലെ രാജ്യസഭ സ്ഥാനാർഥി നിശ്ചയമാണ് മറ്റൊന്ന്. കെ.പി.എ. മജീദിനെ രാജ്യസഭയിലേക്ക് അയക്കണമെന്ന അഭിപ്രായമായിരുന്നു പാര്‍ട്ടി ഭാരവാഹികള്‍ക്ക്. പക്ഷേ, പി.വി. അബ്ദുല്വഹാബിന്റെ പേരാണ് ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചത്.
2017ലെ വേങ്ങര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഹൈദരലി തങ്ങള്‍ അത്ഭുതപ്പെടുത്തി. പാര്‍ട്ടിയുടെ മലപ്പുറം ജില്ല ജനറല്‍സെക്രട്ടറി യു.എ. ലത്തീഫിന്റെ പേരാണ് സംഘടനയില്‍ ഉയര്‍ന്നുവന്നത്. ലത്തീഫ് സ്ഥാനാര്‍ഥിയാണെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും പലരും ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍, പ്രഖ്യാപനം വന്നപ്പോള്‍ കെ.എന്‍.എ. ഖാദര്‍ സ്ഥാനാര്‍ഥിയായി. എല്ലാവരെയും ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു അത്. സൗമ്യനും മിതഭാഷിയുമായ ഹൈദരലി തങ്ങള്‍ അടുപ്പക്കാരായ നേതാക്കളെ പോലും ഞെട്ടിച്ചാണ് ഈ മൂന്ന് തീരുമാനങ്ങളുമെടുത്തത്. എല്ലാ അഭിപ്രായങ്ങളും കേട്ടും ചിലരെ വിളിച്ചുചോദിച്ചും ഒക്കെയാണ് തീരുമാനങ്ങളെല്ലാം. എന്നാല്‍, അദ്ദേഹത്തിന്റെ കാര്യത്തില്‍ തീരുമാനം അപ്രവചനീയം എന്ന വ്യത്യസ്തതയുണ്ടായി. അധ്യക്ഷപദവിയിലെ അവസാനകാലത്ത് അദ്ദേഹം കടുത്ത തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. പാര്‍ട്ടി നേതാക്കളില്‍നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്ന തോന്നല്‍ ഈ ഘട്ടത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
ആരോഗ്യം അലട്ടിയിരുന്നില്ലെങ്കില്‍ അല്പംകൂടി കണിശതയോടെ അദ്ദേഹം പാര്‍ട്ടിയെ നയിക്കുമായിരുന്നു എന്ന ചിന്ത പല നേതാക്കളും പങ്കിടുന്നുണ്ട്. എല്ലാവരെയും കേട്ടശേഷം പാര്‍ട്ടിയുടെ അടിത്തട്ടിലുള്ള ഏതാനും സാധാരണ പ്രവര്‍ത്തകരുമായി അദ്ദേഹം സംസാരിക്കും. അത്തരം അഭിപ്രായങ്ങള്‍ കൂടി അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നു എന്നുകരുതണം. നാട്ടില്‍ ആരും അറിയാത്ത ചിലരെ ഹൈദരലി തങ്ങള്‍ വിളിച്ച് വിവരം അന്വേഷിക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.
തന്റെ ജോലിക്കാരായ മുഴുവന്‍പേര്‍ക്കും അദ്ദേഹം വീട് വെച്ചുനല്‍കി. ജോലിക്കാര്‍ മറ്റുതരത്തില്‍ സ്വാധീനിക്കപ്പെടരുതെന്ന് അദ്ദേഹം വിചാരിച്ചുകാണണം. അല്ലെങ്കില്‍, തനിക്കൊപ്പം നില്ക്കുന്നവര് ആരുടെ മുന്നിലും കൈനീട്ടരുതെന്ന് ചിന്തിച്ചിരിക്കണം. ആരുമറിയാതെ വലിയ തുക ദാനം ചെയ്യുന്ന രീതിയും അദ്ദേഹത്തിനുണ്ടായിരുന്നു. പാണക്കാട് എല്ലാ ചൊവ്വാഴ്ചയും വരുന്ന ഒരു നിര്‍ധന സ്ത്രീ തന്റെ മകന് ജോലി വേണമെന്ന് ആവശ്യപ്പെട്ടു. തങ്ങള്‍ പറഞ്ഞതോടെ പ്രമുഖ എയ്ഡഡ് മാനേജ്മെന്റ് പണമൊന്നും വാങ്ങാതെ ആ യുവാവിന് സ്ഥിരനിയമനം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.