ജ്യൂസിന് കയ്പായതിനാൽ മകൾ കുടിച്ചില്ല; കഞ്ഞിക്കുഴി കൂട്ടആത്മഹത്യയിൽ അനാഥരായി മൂന്ന് പിഞ്ചുമക്കൾ
text_fieldsചെറുതോണി (ഇടുക്കി): കടബാധ്യതയെ തുടര്‍ന്ന് മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ചതോടെ അനാഥരായത് മൂന്ന് പിഞ്ചുകുട്ടികൾ. വിഷം ഉള്ളില്‍ച്ചെന്ന മക്കളെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കഞ്ഞിക്കുഴി ടൗണില്‍ ചായക്കട നടത്തുന്ന ഇടുക്കി പുന്നയാര്‍ ചൂടൻസിറ്റി സ്വദേശി കാരാടിയില്‍ ബിജു (46), ഭാര്യ ടിന്റു (40) എന്നിവരാണ് മരിച്ചത്. മക്കൾക്ക് വിഷംകൊടുത്തശേഷം ദമ്പതികള്‍ വിഷംകഴിച്ച് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ജൂസിൽ വിഷംകലർത്തി നൽകുകയായിരുന്നു. കയ്പാണെന്നുപറഞ്ഞ് മൂത്ത പെൺകുട്ടി അൽപംമാത്രമാണ് കഴിച്ചത്.
ബിജു-ടിന്റു ദമ്പതികളുടെ 11 വയസ്സുള്ള പെണ്‍കുട്ടിയും എട്ടും രണ്ടും വയസ്സുള്ള ആൺകുട്ടികളുമാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ബിജുവും ടിന്റുവും കഞ്ഞിക്കുഴിയില്‍ ഹോട്ടല്‍ നടത്തുകയാണ്. വെള്ളിയാഴ്ച കട തുറന്നിരുന്നില്ല. അയല്ക്കൂട്ടങ്ങളില്നിന്നുള്പ്പെടെ എടുത്തിട്ടുള്ള വായ്പകൾ മൂലമുള്ള ലക്ഷങ്ങളുടെ കടബാധ്യതയാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
അച്ഛനും അമ്മയും ഛർദിച്ച് കിടക്കുന്നതായി ഈ പെണ്‍കുട്ടി സമീപത്തെ വീട്ടിലെത്തി അറിയിച്ചശേഷം അവിടെ തളർന്നുവീണു. ഉടൻ അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് കഞ്ഞിക്കുഴി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആംബുലന്‍സെത്തി നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചു. ആദ്യം രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടാതിരുന്ന ഇളയ കുട്ടിയെ പിന്നീട് കഞ്ഞിക്കുഴി പൊലീസെത്തി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഡ്രൈവര്‍ ഉപ്പുവെള്ളം നല്കി ഛർദിപ്പിച്ചതാണ് കുട്ടികള്‍ക്ക് രക്ഷയായത്. ബിജുവിന്റെ മാതാവ് വെള്ളിയാഴ്ച രാവിലെ ഇവരുടെ വീട്ടിലുണ്ടായിരുന്നു. ഇവര്‍ കഞ്ഞിക്കുഴിക്കുപോയ സമയത്താണ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്. ബിജുവിന്റെയും ടിന്റുവിന്റെയും മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.