പാർട്ടി ഓഫീസുകൾക്ക് നേരെ അക്രമം; മൂന്ന് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
text_fieldsനാദാപുരം: കഴിഞ്ഞ ദിവസം രാത്രിയിൽ ഇരിങ്ങണ്ണൂരിലെയും തൂണേരിയിലെയും പാർട്ടി ഓഫീസുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ അസ് ലം കേസിലെ പ്രതി ഉൾപ്പെടെ മൂന്നു സി.പി.എം പ്രവർത്തകരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. തൂണേരി മുടവന്തേരിയിലെ മൂലം തേരി സുഭാഷ് (39), കോടഞ്ചേരി സ്വദേശികളായചിക്കിലോട്ട് താഴക്കുനി വിശ്വജിത്ത്(32), തൈക്കിലോട്ട് ഷാജി(32) എന്നിവരാണ് അറസ്റ്റിലായത്.ഷാജി അസ് ലം വധക്കേസിലെ പതിമൂന്നാം പ്രതിയാണ്.
രണ്ടാം തീയതി പുലർച്ചേയാണ് തൂണേരി ടൗണിലെ മണ്ഡലംകോൺഗ്രസ് കമ്മറ്റി ഓഫീസ്, ഇരിങ്ങണ്ണൂർ ടൗണിലെ ലോക് താന്ത്രിക് ജനതാദൾ എടച്ചേരി പഞ്ചായത്ത് കമ്മറ്റി ഓഫീസ്, ഇരിങ്ങണ്ണൂർ മേഖലാ മുസ് ലിം ലീഗ് കമ്മറ്റി ഓഫീസ്, എടച്ചേരി ചെക്ക് മുക്കിലെ സി.പി.എം ബസ് സ്റ്റോപ്പ് എന്നിവയ്ക്ക് നേരെയാണ് ഇവർ ആക്രമണം നടത്തിയത്. സംഭവ ദിവസം രാത്രി കോടഞ്ചേരിയിലെ സുഹൃത്തിൻ്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം പുലർച്ചെ സ്കോർപ്പിയോ വാനിൽ എത്തി ഓഫീസുകളും ബസ് സ്റ്റോപ്പും തകർക്കുകയായിരുന്നു.
ബിരിയാണി ചാലഞ്ച് പ്രവർത്തനത്തിനായി മറ്റൊരാളിൽ നിന്ന് വാടക ക്കെടുത്തതായിരുന്നു വാഹനം എന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. നാട്ടിൽ മനപ്പൂർവ്വം കലാപം ഉണ്ടാക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. രാത്രി കാലങ്ങളിൽ നാദാപുരം മേഖലയിൽ നിരവധി ആക്രമണ സംഭവങ്ങൾ ഉണ്ടായിട്ടും പൊലിസിന് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
രണ്ടു ദിവസം കൊണ്ട് പ്രതികളെ കണ്ടു പിടിക്കാൻ കഴിഞ്ഞത് പൊലിസിന് നേട്ടമായെങ്കിലും നിസ്സാര വകുപ്പ് ചേർത്ത് സ്റ്റേഷൻ ജാമ്യത്തിൽ പ്രതികളെ വിട്ടയച്ചത് എതിർപ്പിനിടയാക്കിയിട്ടുണ്ട്. അതേ സമയം കല്ലാച്ചിയിലെയും പുറമേരി യിലെയും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ നടന്ന അക്രമത്തിലെ പ്രതികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലിസ് പറഞ്ഞു.സി.ഐ എൻ സുനിൽ കുമാർ, എസ് .ഐ പി.എം സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.