മന്ത്രിമാർക്ക് പരിശീലനം തുടങ്ങി; മൂന്നു ദിവസങ്ങളിലായി 10 സെഷനുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്ക് ഐ.എം.ജിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസത്തെ പരിശീലനത്തിൽ 10 സെഷനുകളാണുള്ളത്.
ഭരണസംവിധാനത്തെക്കുറിച്ച് കൂടുതൽ അറിയുക, ദുരന്തവേളകളിൽ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, മന്ത്രിയെന്ന ടീം ലീഡർ തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ ഭരണസംവിധാനത്തെക്കുറിച്ചും ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച് യു.എൻ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടിയും ക്ലാസെടുക്കും. ഒരു ടീമിനെ നയിക്കുന്നത് സംബന്ധിച്ച് ഐ.ഐ.എം മുൻ പ്രഫസറും മാനേജീരിയൽ കമ്യൂണിക്കേഷൻ കൺസൾട്ടൻറുമായ പ്രഫ. മാത്തുക്കുട്ടി എം. മോനിപ്പള്ളി സംസാരിക്കും.
21ന് രാവിലെ ആദ്യ സെഷനിൽ പദ്ധതികൾ നടപ്പാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് സംസാരിക്കും. മന്ത്രിമാരുടെ ഉയർന്ന പ്രകടനത്തെ സംബന്ധിച്ച് ഇൻഫോസിസ് സഹ സ്ഥാപകൻ എസ്.ഡി. ഷിബുലാൽ ഓൺലൈനിൽ സംവദിക്കും. ഫണ്ടിങ് ഏജൻസികളെക്കുറിച്ചും പദ്ധതി ഘടനകളെക്കുറിച്ചും ലോകബാങ്ക് മുഖ്യ മൂല്യനിർണയ വിദഗ്ധയും സംസ്ഥാന സർക്കാറിെൻറ മുൻ ജെൻഡർ ഉപദേശകയുമായ ഡോ. ഗീതാഗോപാൽ സംസാരിക്കും. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ വിശദമാക്കുക.
മാറ്റത്തിനുള്ള ഉപകരണമെന്ന നിലയിൽ ഇ ഗവേണൻസിെൻറ പ്രാധാന്യത്തെക്കുറിച്ച് 22ന് രാവിലെ നടക്കുന്ന സെഷനിൽ കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് സംസാരിക്കും. മികച്ച ഫലം ലഭിക്കുന്നതിനായി പ്രചോദനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് മുൻ കേന്ദ്ര സെക്രട്ടറി അനിൽ സ്വരൂപാണ് ആശയവിനിമയം നടത്തുന്നത്. സമൂഹ മാധ്യമങ്ങളിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ സാധ്യതകളുമെന്ന വിഷയത്തെക്കുറിച്ച് സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷൻ സ്ഥാപകരായ നിധി സുധനും വിജേഷ് റാമും അവതരിപ്പിക്കുന്ന സെഷനോടെ പരിശീലന പരിപാടി സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.