ശിവശങ്കറിനെ കുരുക്കിയത് സ്വപ്നയുടെയും സന്തോഷ് ഈപ്പന്റെയും മൊഴികൾ
text_fieldsകൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കുരുക്കിയത് രണ്ടുപേരുടെ മൊഴികൾ. കോഴ ഇടപാട് നടന്നെന്ന സംശയത്തെത്തുടർന്ന് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത് മുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടപ്പുള്ളിയായി മാറിയ ശിവശങ്കറിനെ സ്വപ്ന സുരേഷിന്റെയും യൂനിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പന്റെയും മൊഴികളാണ് അഴിക്കുള്ളിലാക്കിയത്.
ലൈഫ് മിഷൻ നിർമാണക്കരാറിനായി മുൻകൂർ കമീഷൻ നൽകിയതായി സന്തോഷ് ഈപ്പൻ നേരത്തേതന്നെ ഇ.ഡിയോട് സമ്മതിച്ചിരുന്നു. യൂനിടാക്കിന് കരാർ നൽകാൻ ഗൂഢാലോചന നടത്തിയതിന് ശിവശങ്കറിന്റെയും സ്വപ്നയുടെയും വാട്സ്ആപ് ചാറ്റുകളും സ്വപ്നയുടെ രഹസ്യമൊഴിയുമാണ് ഇ.ഡിക്ക് തെളിവായി ലഭിച്ചത്. ഇതാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത്.
കൂടാതെ, ശിവശങ്കറിൽനിന്ന് നേരത്തേ കസ്റ്റംസ് പിടിച്ചെടുത്ത ഐ-ഫോൺ സന്തോഷ് ഈപ്പൻ നൽകിയതാണെന്ന് സ്ഥിരീകരിച്ചിരുന്നു. കോഴ ഇടപാടിൽ ലഭിച്ച പണം കൈകാര്യം ചെയ്യാൻ പുതിയ ലോക്കർ തുറക്കുന്നതിന് എല്ലാവിധ ഒത്താശയും സ്വപ്നക്ക് ചെയ്തുനൽകിയത് ശിവശങ്കറായിരുന്നുവെന്നും ഇ.ഡി കണ്ടെത്തി. കോഴപ്പണത്തിൽ തനിക്ക് കൂടി പങ്കാളിത്തമുള്ളതുകൊണ്ടാണ് അത് നിക്ഷേപിക്കാനുള്ള കാര്യങ്ങൾക്ക് ശിവശങ്കർ സഹായം ചെയ്തതെന്നും ഇ.ഡി ആരോപിക്കുന്നു. കുറ്റകൃത്യവുമായി ശിവശങ്കറിനെ ബന്ധിപ്പിക്കുന്ന മറ്റ് തെളിവുകളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിന്റെ അന്വേഷണത്തിനിടെയാണ് ലൈഫ് മിഷനിലെ ക്രമക്കേട് പുറത്തുവന്നത്. കരാർ തനിക്ക് ലഭിക്കാൻ പലർക്കായി 4.48 കോടി രൂപ കമീഷൻ നൽകിയതായാണ് യൂനിടാക് എം.ഡിയുടെ മൊഴി.
സ്വർണക്കടത്ത് കേസ് പുറത്തുവന്നതിന് പിന്നാലെ നാലാം തവണയാണ് ശിവശങ്കർ കേന്ദ്ര ഏജൻസിയുടെ പിടിയിലാകുന്നത്. 2020 ഒക്ടോബർ 28ന് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡിതന്നെ രജിസ്റ്റർ ചെയ്ത കേസിലാണ് ആദ്യം പിടിയിലാകുന്നത്. 2020 നവംബർ 25ന് സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയും 2021 ജനുവരി 20ന് ഡോളർ കടത്ത് കേസിൽ കസ്റ്റംസും അറസ്റ്റ് ചെയ്തു. ഡോളർ കടത്ത് കേസിൽ രണ്ടുമാസത്തിലേറെ ജയിലിൽ കിടന്നശേഷമാണ് ജാമ്യം ലഭിച്ചത്. ലൈഫ് മിഷൻ ഇടപാടിൽ സി.ബി.ഐയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ മാസം 31ന് സർവിസിൽനിന്ന് വിരമിച്ചശേഷം നടന്ന നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നിലവിലെ അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.