ഐ.ആർ.എസ് ഉദ്യോഗസ്ഥനും മാതാവും സഹോദരിയും ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ; കൂട്ട ആത്മഹത്യയെന്ന് സംശയം
text_fieldsകാക്കനാട് (കൊച്ചി): ഝാർഖണ്ഡ് സ്വദേശിയായ ഐ.ആർ.എസ് ഉദ്യോഗസ്ഥനും മാതാവും സഹോദരിയും കാക്കനാട്ടെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ. സെൻട്രൽ എക്‌സൈസ് അസി. കമീഷണർ മനീഷ് വിജയ് (42), മാതാവ് ശകുന്തള അഗർവാൾ, സഹോദരി ശാലിനി വിജയ് (43) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ആത്മഹത്യക്കുറിപ്പ് ക്വാർട്ടേഴ്സിൽനിന്ന് കണ്ടെത്തി. കാക്കനാട് ടി.വി സെൻററിന് സമീപമാണ് സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സ്. മനീഷ് വിജയിന്‍റെയും സഹോദരി ശാലിനിയുടെയും മൃതദേഹങ്ങൾ കിടപ്പുമുറികളിൽ തൂങ്ങിയനിലയിലും ഇവരുടെ മാതാവ് ശകുന്തള അഗർവാളിനെ കിടപ്പുമുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. 10 ദിവസത്തെ പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം. ഒരാഴ്ച മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞ് അഞ്ചുദിവസം കഴിഞ്ഞിട്ടും ഇദ്ദേഹം ഓഫിസിൽ ഹാജരായിരുന്നില്ല. സഹപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ജനലിലൂടെ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തൂങ്ങിനിൽക്കുന്ന നിലയിൽ ശാലിനിയുടെ മൃതദേഹമാണ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ, മറ്റൊരു മുറിയിൽ മനീഷിന്‍റെ മൃതദേഹവും കണ്ടെത്തി.
തൃക്കാക്കര എ.സി.പി പി.വി. ബേബിയുൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ഫോറൻസിക് വിദഗ്ധർ എത്തുന്നതുവരെ വീട്ടിനുള്ളിൽ പ്രവേശിച്ചില്ല. രാത്രി 10ഓടെയാണ് ഫോറൻസിക് വിദഗ്ധർ എത്തി പരിശോധനയും തുടർനടപടികളും ആരംഭിച്ചത്. മരണകാരണം എന്തെന്നും ഇതുവരെ അറിവായിട്ടില്ല. ഒന്നരക്കൊല്ലമായി ഈ കുടുംബം ഇവിടെ താമസിക്കാനെത്തിയിട്ട്. അയൽക്കാരുമായോ നാട്ടുകാരുമായോ അധികം അടുപ്പമുണ്ടായിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.