പ്രതിദിനം മൂന്ന് മുങ്ങിമരണം;മൂന്നര വർഷത്തിനിടെ മുങ്ങിമരിച്ചത് 4009 പേർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നര വർഷത്തിനിടെ മുങ്ങി മരിച്ചത് 4009 പേർ. ഇതിൽ 649 പേർ കുട്ടികളാണ്. പ്രതിദിനം ശരാശരി മൂന്നുപേരാണ് മുങ്ങി മരിക്കുന്നത്. ഇതിൽ ആത്മഹത്യകളും ഉൾപ്പെടും. 2021 ജനുവരി മുതൽ 2024 ജൂൺ 14 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് കൂടുതൽ മുങ്ങിമരണക്കേസുകൾ റിപ്പോർട്ട് ചെയ്തത് തൃശൂരിലാണ്, 591 പേർ. രണ്ടാമത് എറണാകുളവും (519). ഏറ്റവും കുറവ് കേസുകൾ വയനാട്ടിലാണ്.
കുഞ്ഞുങ്ങളുടെ മുങ്ങിമരണം വർഷം തോറും വർധിക്കുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 2021 ൽ 142 കുട്ടികളുടെ ജീവനാണ് ജലാശങ്ങളിൽ പൊലിഞ്ഞത്. 2022 ൽ ഇത് 217 ആയും 2023 ൽ 213 ആയും ഉയർന്നു. ഈ വർഷം ജൂൺ 14 വരെ 77 ഉം. നീന്തലറിയാതെ ജലാശയങ്ങളിൽ ഇറങ്ങുന്നത് മൂലമുള്ള അപായങ്ങൾ മുതൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിയുന്ന സംഭവങ്ങൾ വരെ ഇക്കാലയളവിലുണ്ടായി. അശ്രദ്ധമൂലമുള്ള അപകടങ്ങളും നിരവധിയാണ്. വേനൽക്കാലങ്ങളിലാണ് മുങ്ങിമരണങ്ങളേറെയും.
സ്വകാര്യ പാറമടകൾ, കല്ലുവെട്ടുന്ന കുഴികൾ എന്നിവിടങ്ങളിലെ വെട്ടുകെട്ടുകളും അപകടക്കെണിയാവുന്നുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് സംരക്ഷണ വേലി കെട്ടുന്നതിനും ഉപേക്ഷിക്കപ്പെട്ട പാറമടകൾ അപകടമുക്തമാക്കുന്നതിനും ജില്ല കളക്ടർമാരുടെ നേതൃത്വത്തിൽ ഇടപെടലുണ്ടാകണമെന്നാണ് സർക്കാർ നിർദേശം. ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചാലും ഇവിടങ്ങളിലേക്ക് ആളുകളെത്തുന്നെന്നത് മറ്റൊരു ദുര്യോഗം.
സംസ്ഥാനത്ത് റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം ജീവൻ നഷ്ടമാകുന്നത് വെള്ളത്തിൽ മുങ്ങിയാണ്. റോഡപകടങ്ങളുടെ കൃത്യമായ കണക്കുകളും വിശദാംശങ്ങളും സർക്കാർ സൂക്ഷിക്കുന്നുണ്ടെങ്കിലും ഇത്തരം ജാഗ്രത മുങ്ങിമരണങ്ങളുടെ കാര്യത്തിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.