ഒരേ ദിവസം മൂന്ന് പരീക്ഷ: അവസരം നഷ്ടപ്പെടുന്നവർക്ക് മറ്റൊരു ദിവസം പരിഗണിക്കണം –ഹൈകോടതി
text_fieldsകൊച്ചി: ഒരേ ദിവസം മൂന്ന് പ്രവേശന പരീക്ഷ നടക്കുന്നതിനാൽ അവസരം നഷ്ടപ്പെടുന്ന വിദ്യാർഥികൾക്ക് മറ്റൊരു ദിവസം പരീക്ഷയെഴുതാൻ സൗകര്യമൊരുക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈകോടതി. രാജ്യത്തെ 18 കേന്ദ്ര സർവകലാശാലകളിലേക്കും പോണ്ടിച്ചേരി സർവകലാശാലയിലേക്കും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർചിേലക്കും ഒരേ ദിവസംതന്നെ പൊതുപ്രവേശന പരീക്ഷ നടത്തുന്നതിനെതിരെ കൽപറ്റ സ്വദേശി പി.എ. മുഹമ്മദ് ഷാനിഫ് അടക്കം അഞ്ച് വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ ഉത്തരവ്.
കേന്ദ്ര സർവകലാശാല, പോണ്ടിച്ചേരി പ്രവേശന പരീക്ഷകളിൽ ഏതെങ്കിലും മാറ്റിവെക്കണമെന്ന ആവശ്യം അനുവദിക്കാനാകാത്ത സാഹചര്യത്തിലാണ് മറ്റൊരു അവസരം നൽകുന്ന കാര്യം പരിഗണിക്കാൻ നിർദേശിച്ചത്. സെപ്റ്റംബർ 18, 19, 20 തീയതികളിലാണ് രണ്ട് പരീക്ഷകളുമെന്നും ഇത് തങ്ങളുടെ അവസരം ഇല്ലാതാക്കുമെന്നും കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
18ന് പരീക്ഷ നടക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർചിനെയും പിന്നീട് ഹരജിയിൽ കക്ഷി ചേർത്തു. ഹരജിക്കാർക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നതിനെ കുറിച്ച് ആരാഞ്ഞപ്പോൾ വെള്ളിയാഴ്ച തുടങ്ങുന്ന പരീക്ഷക്ക് ഒരുക്കം പൂർത്തിയായെന്നും മാറ്റിവെക്കാനാവില്ലെന്നുമുള്ള നിലപാടാണ് സർവകലാശാലകൾ അറിയിച്ചത്.
ഇതിനോട് കോടതിയും യോജിച്ചു. എന്നാൽ, പരീക്ഷ എഴുതാൻ മറ്റൊരു അവസരം അനുവദിക്കണമെന്ന ഉപഹരജി പരിഗണിച്ച കോടതി, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ എതിർകക്ഷികൾക്ക് നിർദേശം നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.