യുവാവിനെ അടിച്ചുകൊന്ന കേസിൽ മൂന്നു സുഹൃത്തുക്കൾ അറസ്റ്റിൽ
text_fieldsകുന്നംകുളം: ചിറ്റഞ്ഞൂരിൽ യുവാവിനെ സംഘംചേർന്ന് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവത്താനി സ്വദേശികളായ പോലിയത്ത് വീട്ടിൽ ഷിജിത്ത് (27), ഉള്ളിശ്ശേരി ചുങ്കത്ത് വീട്ടിൽ ശ്രീശാന്ത് (23), ചിറ്റഞ്ഞൂർ മൂർത്താട്ടിൽ വീട്ടിൽ വിഷ്ണുരാജ് (27) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചെറുവത്താനി അമ്മാട്ട് വീട്ടിൽ രവിയുടെ മകൻ വിഷ്ണു (കുഞ്ഞൻ-26) ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. മരിച്ച വിഷ്ണുവും അറസ്റ്റിലായവരും സമീപവാസികളും സുഹൃത്തുക്കളുമാണ്. മർദനത്തിൽ കഴുത്തിലെ ഞരമ്പുകൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. ചിറ്റഞ്ഞൂരിൽ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയെ തളച്ചിരുന്ന പറമ്പിനു സമീപംവെച്ചായിരുന്നു മർദനം.
മരിച്ച വിഷ്ണു ഉൾപ്പെടെ എല്ലാവരും സംഭവസമയം മദ്യലഹരിയിലായിരുന്നു. വിഷ്ണു ആനപ്പാപ്പാന്മാരുടെ അടുത്ത് മദ്യപിച്ചിരിക്കെ ബൈക്കിലെത്തിയ പ്രതികൾ അവിടെനിന്ന് വിളിച്ച് റോഡിലിറക്കി മർദിക്കുകയായിരുന്നു.
കൈകൊണ്ടാണ് ഇവർ മർദിച്ചതെന്നും പൊലീസ് പറഞ്ഞു. മർദനത്തിൽ കുഴഞ്ഞുവീണ വിഷ്ണുവിനെ ഞായറാഴ്ച രാത്രി ഒമ്പതോടെ സംഘത്തിലെ രണ്ടുപേർ ബൈക്കിലിരുത്തി കുന്നംകുളത്തെ ദയ റോയൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അറസ്റ്റിലായ പ്രതി വിഷ്ണുരാജും മരിച്ച വിഷ്ണുവും തമ്മിൽ ഒരു മാസം മുമ്പ് സംഘട്ടനം നടന്നിരുന്നു. ഇതിന്റെ വൈരാഗ്യം മർദനത്തിന് കാരണമായതായി പൊലീസ് പറഞ്ഞു.
ആനയെ തളക്കുന്നിടത്ത് വിഷ്ണു ചെന്നിരിക്കുന്നതിനെ ചൊല്ലിയും തർക്കം നിലനിന്നിരുന്നു. വാക്കേറ്റത്തെ തുടർന്ന് റോഡിലേക്ക് വിളിച്ച് കൂട്ടമായി മർദിക്കുന്നതിനിടെ വിഷ്ണു താഴെ വീണു. വിഷ്ണുവിന്റെ തലക്കും കഴുത്തിലും ദേഹത്തിന്റെ പലയിടത്തും മർദനമേറ്റിരുന്നു. മർദിക്കുന്നത് സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞതിനാൽ പ്രതികളെ കണ്ടെത്താനും എളുപ്പമായി.
മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കൊലപാതകമാണെന്ന് നിഗമനത്തിലെത്തിയിരുന്നു. മരിച്ച വിഷ്ണു അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. മരിച്ച വിഷ്ണുവിന്റെ മാതാവ് രത്ന. ലീഷ്മ, രേഷ്മ എന്നിവർ സഹോദരിമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.