മൂലമറ്റത്തെ മൂന്ന് ജനറേറ്റർ പണിമുടക്കിൽ
text_fieldsഇടുക്കി: മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്ന്, ആറ് നമ്പർ ജനറേറ്ററുകൾക്കുപുറമെ മൂന്നാം നമ്പർ ജനറേറ്ററും തകരാറിലായി. മൂന്നാം നമ്പർ ജനറേറ്ററിന്റെ റോട്ടർ പോൾ ബാറിലെ കണക്ഷൻ ബാർ കത്തിനശിച്ചതാണ് പ്രവർത്തനരഹിതമാകാൻ കാരണം.
മൂലമറ്റം നിലയത്തിൽ ആറ് ജനറേറ്ററാണുള്ളത്. ഇതിൽ ഒന്ന്, മൂന്ന്, ആറ് നമ്പർ ജനറേറ്ററുകൾ തകരാറിലായതോടെ മൂന്നെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിൽ ഒന്നാം നമ്പർ ജനറേറ്റർ മാർച്ച് അവസാനത്തോടെ മാത്രമെ അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തനക്ഷമമാവൂ. മൂന്നാം നമ്പർ ജനറേറ്റർ ഈ വരുന്ന വെള്ളിയാഴ്ചയും ആറാം നമ്പർ ജനറേറ്റർ ബുധനാഴ്ചയും പ്രവർത്തനക്ഷമമാകും. നിലവിൽ പ്രവർത്തനം നിർത്തി വെച്ചിരിക്കുന്ന മൂന്ന് ജനറേറ്ററിന് പുറമെ മറ്റ് രണ്ട് ജനറേറ്ററിനും നേരിയ തകരാർ ഉണ്ട്. എന്നാൽ, ഇവയുടെ പ്രവർത്തനം നിർത്തി െവക്കേണ്ട സാഹചര്യമില്ലെന്നാണ് അിധികൃതർ വ്യക്തമാക്കുന്നത്.
ആറാം നമ്പർ ജനറേറ്ററിലേക്ക് വെള്ളം എത്തുന്ന ഇൻടേക് വാൽവിലാണ് ചോർച്ച. റബർ സീൽ തകരാറിലായതാണ് ചോർച്ചക്ക് കാരണം. കാലപ്പഴക്കം മൂലം റബർ സീലുകളുടെ ഇലാസ്തികത നഷ്ടപ്പെട്ട് പൊട്ടിപ്പോവുക സ്വാഭാവികമാണ്. നിലയത്തിലെതന്നെ ഒന്നാം നമ്പർ ജനറേറ്ററും തകരാറിലായതിനെത്തുടർന്ന് അറ്റകുറ്റപ്പണി നടത്തി വരുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് ഒന്നാം നമ്പർ ജനറേറ്റർ തകരാറിലായത്.
ജനറേറ്ററിന്റെ റോട്ടർ പോളിലെ കണക്ഷൻ ബാറിൽ തീപിടിക്കുകയായിരുന്നു. ഇവിടെനിന്ന് തീ പടർന്ന് സ്റ്റേറ്ററിനും ഇൻസുലേഷൻ കോയിലിനും തകരാർ സംഭവിച്ചു.
ജനറേറ്ററിന് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. കത്തിയ ഭാഗങ്ങളും ഇൻസുലേഷൻ കോയിലും മാർച്ച് അവസാനത്തോടെ മാറ്റി സ്ഥാപിക്കും.
ഉൽപാദനം കുറച്ചു
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറവായതിനാൽ മൂലമറ്റം വൈദ്യുതിനിലയത്തിൽ ഇന്നലെ ഉൽപാദിപ്പിച്ചത് 3.70 ദശലക്ഷം യൂനിറ്റ് മാത്രമാണ്. വേനൽ കനക്കുന്ന മാർച്ച് മുതൽ ഉൽപാദനം നടത്തുന്നതിന് കരുതലായി ജലം ശേഖരിക്കുന്നതിനാലാണ് മൂലമറ്റത്ത് ഉൽപാദനം കുറച്ചത്. ജനറേറ്ററുകൾ തകരാറായെങ്കിലും നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്നും വൈദ്യുതി ബോർഡ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.