നിർഭയ കേന്ദ്രത്തിലെ മൂന്ന് പെൺകുട്ടികളെ കാണാതായി; ഒരാൾ തിരിച്ചെത്തി
text_fieldsപാലക്കാട്: നഗരത്തിലെ നിർഭയ കേന്ദ്രത്തിൽനിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. ഇവരിൽ ഒരാൾ ബുധനാഴ്ച വൈകീട്ടോടെ മണ്ണാർക്കാട്ടെ വീട്ടിലെത്തിയതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘം രൂപവത്കരിച്ചു. തിങ്കളാഴ്ച രാത്രി പത്തോടെയാണ് വനിത-ശിശുവികസന വകുപ്പിന് കീഴിലെ സഖി വൺ സ്റ്റോപ് സെന്ററിൽ നിന്ന് 17 വയസ്സുള്ള രണ്ടുപേരും പതിനാലുകാരിയും പുറത്തുപോയത്.
ഇവരെ നഗരത്തിലെ ‘നിർഭയകേന്ദ്ര’ത്തിൽ നിന്ന് തിരുവോണ ദിവസം കാണാതായതാണ്. പിടികൂടിയശേഷം ജില്ല ആശുപത്രിക്ക് മുകളിലെ സഖി കേന്ദ്രത്തിലാക്കുകയായിരുന്നു. ബുധനാഴ്ച നടക്കേണ്ട ശിശുവികസന സമിതി സിറ്റിങ്ങിലേക്കെത്തിക്കേണ്ടതിനാൽ കൂടുതൽ സുരക്ഷിതമായ സഖി കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം.
കാണാതായതിൽ പോക്സോ അതിജീവിതയും ഉള്‍പ്പെട്ടിട്ടുണ്ട്. കാണാതായതോടെ നിര്‍ഭയ കേന്ദ്രം അധികൃതര്‍ പൊലീസിൽ അറിയിച്ചു. അന്വേഷണം ആരംഭിച്ചതായി പാലക്കാട് എസ്.പി ആർ. ആനന്ദ് അറിയിച്ചു. സംശയമുള്ളയിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.
മൂന്ന് വീതം സി.ഐ, എസ്.ഐമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. സി.സി ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം. ബാക്കി രണ്ടുപേരെ ഏറക്കുറെ കണ്ടെത്തിക്കഴിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.