യു.ജി.സി മാനദണ്ഡം പാലിച്ചില്ല; മൂന്ന് ഗവ. ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി
text_fieldsകൊച്ചി: സംസ്ഥാനത്തെ മൂന്ന് ഗവ. ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി. യു.ജി.സി മാനദണ്ഡം പാലിച്ചില്ലെന്ന് ചൂട്ടിക്കാട്ടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്‍റെതാണ് നടപടി. എറണാകുളം, തിരുവനന്തപുരം, തൃശൂർ ലോ കോളജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനമാണ് അസാധുവാക്കിയത്.
തിരുവനന്തപുരം ഗവ. ലോ കോളജിലെ ബിജു കുമാർ, തൃശൂർ ഗവ. ലോ കോളജിലെ വി.ആർ. ജയദേവൻ, എറണാകുളം ഗവ. ലോ കോളജിലെ ബിന്ദു എം. നമ്പ്യാർ എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്. നിയമനത്തിൽ യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ട്രിബ്യൂണൽ കണ്ടെത്തൽ. മാനദണ്ഡപ്രകാരം സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് നിയമനം നടത്താൻ സർക്കാറിന് ട്രിബ്യൂണൽ നിർദേശവും നൽകി.
പ്രിൻസിപ്പൽ നിയമനം ചോദ്യം ചെയ്ത് എറണാകുളം ലോ കോളജിലെ അധ്യാപകനായ ഡോ. എസ്.എസ്. ഗിരിശങ്കർ ആണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. രണ്ടുവര്‍ഷത്തെ ഹിയറിങ്ങിന് ശേഷമാണ് നടപടിയുണ്ടായത്. ജസ്റ്റിസ് പി.വി. ആശ, പി.കെ. കേശവൻ എന്നിവർ അടങ്ങിയ ബഞ്ചിന്റെതാണ് വിധി. നേരത്തെ 12 ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽ നിയമനവും ട്രിബ്യൂണൽ റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.