തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു
text_fieldsകുമളി: സംസ്ഥാന അതിർത്തിയിൽ തേനി ജില്ലയിലെ പെരിയകുളത്തിന് സമീപം ബസും കാറും കൂട്ടിയിടിച്ച് മൂന്ന് കോട്ടയം സ്വദേശികൾ തൽക്ഷണം മരിച്ചു.
ശനിയാഴ്ച പുലർച്ചയുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. കുറവിലങ്ങാട് കുര്യം ഗോവിന്ദപുരം കാഞ്ഞിരത്തിങ്കൽ പരേതനായ ജോസിന്റെ മകൻ കെ.ജെ. സോണിമോൻ (45), ഗോവിന്ദപുരം അമ്പലത്തുങ്കൽ എ.ഡി. കുട്ടിയുടെ മകൻ ജോബിൻ തോമസ് (33), ഗോവിന്ദപുരം കോയിക്കൽ പരേതനായ തോമസിന്റെ മകൻ ജെയിൻ തോമസ് (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന ഗോവിന്ദപുരം ചുരത്താൻകുന്നേൽ പി.ജി. ഷാജിയെ (47) ഗുരുതര പരിക്കുകളോടെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയത്തുനിന്ന് തേനിയിലേക്ക് പോയ കാറും തേനിയിൽനിന്ന് സേലം ഏർക്കാട് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോയ മിനി ബസുമാണ് പെരിയകുളം ഗാട്ട് റോഡ് ഭാഗത്തുവെച്ച് കൂട്ടിയിടിച്ചത്.അപകടത്തിൽ കാർ പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ മിനി ബസിലെ 18 പേർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരും തേനി സ്വദേശികളുമായ ശെൽവകുമാർ (44), സത്യ (36), ഗുരുപ്രസാദ് (17), ശ്യാമള (37) എന്നിവരുടെ നിലയും ഗുരുതരമാണ്. ഇവരെ മധുര മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശബരിമല തീർഥാടനം കഴിഞ്ഞെത്തിയ ഉടൻ ഷാജി സുഹൃത്തുക്കളുമായി ആൾട്ടോ കാറിൽ വേളാങ്കണ്ണി തീർഥാടനത്തിന് തിരിക്കുകയായിരുന്നു. ക്രിസ്മസ് ദിനത്തിലാണ് ഇവർ പുറപ്പെട്ടത്. മരിച്ച സോണിമോന്റെ ഭാര്യ: ലിസി. ഏകമകൻ: ആൽബിൻ (വിദ്യാർഥി). മാതാവ്: മേരി. മരിച്ച ജോബിൻ തോമസ് അവിവാഹിതനാണ്. മാതാവ്: ത്രേസ്യാമ്മ. മരിച്ച ജെയിൻ തോമസിന്റെ ഭാര്യ: മിനുമോൾ. മാതാവ്: മേരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.