തൃശൂരിൽ നാല് അപകടങ്ങളിൽ മൂന്നു മരണം; ഒരാളുടെ നില ഗുരുതരം
text_fieldsതൃശൂർ: തൃശൂർ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഉണ്ടായ നാല് അപകടങ്ങളിൽ മൂന്നുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചെറുതുരുത്തി മുള്ളൂർക്കരയിൽ ട്രെയിൻ തട്ടി എട്ട് വയസുകാരനും കുതിരാനിലും പുത്തൂർ വെട്ടുകാട്ടിലുമുണ്ടായ വാഹനപകടങ്ങളിൽ രണ്ട് പേരുമാണ് മരിച്ചത്.
മുള്ളൂർക്കര ആറ്റൂർ നൂറുൽഉലൂം മദ്റസ രണ്ടാം ക്ലാസ് വിദ്യാർത്ഥിയും കൂമുള്ളംപറമ്പിൽ ഫൈസലിന്റെ മകനുമായ റിസ്‌വാൻ (8)ആണ് ട്രെയിൻ തട്ടി മരിച്ചത്. രാവിലെ എട്ടരയോടെ മദ്റസ വിട്ടശേഷം റെയിലിനു മറുവശമുള്ള വീട്ടിലേക്ക് റെയിൽ പാത മുറിച്ചു കടക്കുമ്പോൾ ട്രെയിൻ ഇടിക്കുകയായിരുന്നു.
പുത്തൂർ വെട്ടുകാടിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെറുകുന്ന് സ്വദേശി കുന്നത്ത് വളപ്പിൽ അഭിനവ് കൃഷ്ണൻ (19) ആണ് മരിച്ചത്.
കുതിരാൻ തുരങ്കത്തിന് സമീപം പിക്കപ്പ് വാൻ ഇടിച്ച് മറ്റൊരു പിക്കപ്പ് വാനിന്റെ ഡ്രൈവർ മരിച്ചു. പാലക്കാട് പട്ടഞ്ചേരി കരിപ്പാലി വീട്ടിൽ സിറാജുദ്ദീൻ മകൻ ഷഫീഖ് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തേക്ക് കോഴി കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിന്റെ ഡ്രൈവർ തുരങ്കത്തിന് സമീപം വാഹനം നിർത്തി പുറത്തിറങ്ങിയ സമയം ഇതേ ദിശയിൽ വരികയായിരുന്ന മറ്റൊരു പിക്കപ്പ് വാൻ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതര പരിക്കേറ്റ ഷഫീഖിനെ തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നരയോടെ മരണപ്പെടുകയായിരുന്നു.
വടക്കാഞ്ചേരി അകമല അമ്പലത്തിനു സമീപം കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോയിരുന്ന മിനി ലോറിയുടെ ബ്രേക്ക് നഷ്ട്ടപ്പെട്ട് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശി നാലുകുടി പറമ്പ് വീട്ടിൽ റാഫിക്ക് (51) ആണ് ഗുരുതര പരിക്കേറ്റത്. റാഫിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.