മൂന്ന് സ്വാശ്രയ മെഡി. കോളജുകളിലെ പ്രവേശനം സർക്കാറിന് ബാധ്യതയാകുന്നു
text_fieldsതിരുവനന്തപുരം: മെഡിക്കൽ കൗൺസിലിെൻറ അനുമതിയില്ലാതെ മൂന്ന് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 400 സീറ്റുകളിലേക്ക് നടത്തിയ പ്രവേശനം സർക്കാറിന് ബാധ്യതയാകുന്നു. തൊടുപുഴ അൽഅസ്ഹർ, അടൂർ മൗണ്ട് സിയോൺ, ഡി.എം വയനാട് എന്നീ കോളജുകളിലേക്ക് ഹൈകോടതി ഉപാധികളോടെ അനുവദിച്ച പ്രവേശനാനുമതി സുപ്രീംകോടതി റദ്ദുചെയ്തതാണ് പുതിയ പ്രതിസന്ധി.
മുഴുവൻ സീറ്റിലേക്കും സർക്കാർ ഉപാധികളോടെ നടത്തിയ പ്രവേശനം റദ്ദുചെയ്തത് വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഹൈകോടതി നൽകിയ പ്രവേശനാനുമതി റദ്ദുചെയ്തതോടെ മൂന്ന് കോളജുകളും സുപ്രീംകോടതിയിൽ പ്രത്യേക ഹരജി നൽകി. ഇത് വെള്ളിയാഴ്ച പരിഗണിക്കും. അടുത്ത ആഴ്ച കേസിൽ സുപ്രീംകോടതി വിധി പറഞ്ഞേക്കും. കഴിഞ്ഞ 30, 31 തീയതികളിൽ നടത്തിയ സ്േപാട്ട് അഡ്മിഷനിലൂടെയാണ് ഇൗ കോളജുകളിലെ 400 സീറ്റുകളിലേക്ക് പ്രവേശനം പൂർത്തിയാക്കിയത്.
ഭൂരിഭാഗം വിദ്യാർഥികളും ഡെൻറൽ കോളജുകളിൽ ലഭിച്ച പ്രവേശനം റദ്ദുചെയ്താണ് ഇൗ കോളജുകളിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയത്. കേരളത്തിന് പുറത്ത് പ്രവേശനം നേടിയ വിദ്യാർഥികളും ഇൗ കോളജുകളിൽ പ്രവേശനം നേടിയിട്ടുണ്ട്. ഇവർ ഒഴിവാക്കിയ ഡെൻറൽ സീറ്റുകൾ സ്പോട്ട് അഡ്മിഷനിലൂടെ സർക്കാർ നികത്തുകയും ചെയ്തു. സുപ്രീംകോടതി വിധി പ്രതികൂലമായാൽ 400 വിദ്യാർഥികളുടെയും ഭാവി അനിശ്ചിതത്വത്തിലാകും. നീറ്റ് പരീക്ഷയിൽ താരതമ്യേന മെച്ചപ്പെട്ട റാങ്കുണ്ടായിട്ടും പ്രവേശനം അനിശ്ചിതത്വത്തിൽ ആകുമോ എന്ന ആശങ്കയിലാണ് ഇവർ. വിദ്യാർഥികൾക്കായി സർക്കാർ മുൻ അറ്റോണി ജനറൽ സോളിസിറ്റർ ജനറൽ മുകുൾ രോഹതഗിയാണ് സുപ്രീംകോടതിയിൽ ഹാജരായത്. അതേസമയം, മൂന്ന് കോളജുകളിലേക്ക് സർക്കാർ ഹൈകോടതിയുടെ ഇടക്കാലവിധിയുടെ അടിസ്ഥാനത്തിൽ പ്രവേശനാനുമതി നൽകിയത് വിമർശനവിധേയമായിട്ടുണ്ട്. മൂന്ന് കോളജുകളിലേക്കും ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ ഇല്ലാതെയാണ് സർക്കാർ പ്രവേശനം നൽകിയത്.
നേരത്തേ മൂന്നാം അലോട്ട്മെൻറിെൻറ ഘട്ടത്തിൽ ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ ഇല്ലെന്ന കാരണത്താൽ നാല് കോളജുകളെ സർക്കാർ മാറ്റിനിർത്തിയിരുന്നു. പാലക്കാട് കരുണ, കണ്ണൂർ, കോഴിക്കോട് മലബാർ, തിരുവനന്തപുരം എസ്.യു.ടി എന്നീ കോളജുകളെയാണ് നേരത്തേ അലോട്ട്മെൻറിൽനിന്ന് മാറ്റിനിർത്തിയത്. ആരോഗ്യ സർവകലാശാല അഫിലിയേഷൻ നൽകിയതിനുശേഷമാണ് ഇവിടേക്ക് അലോട്ട്മെൻറ് നടത്തിയത്. ഇൗ മുൻകരുതൽ ഇപ്പോൾ പ്രവേശനാനുമതി റദ്ദുചെയ്ത കോളജുകളുടെ കാര്യത്തിൽ പാലിച്ചില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.