മൂന്നുമാസം; സ്മാർട്ടാകാതെ കെ- സ്മാർട്ട്
text_fieldsതിരുവനന്തപുരം: 30 സെക്കൻഡിൽ കെട്ടിട നിർമാണാനുമതി അടക്കം തദ്ദേശ സേവനങ്ങൾ വേഗത്തിലും സുതാര്യമായും ഓൺലൈനായി ലഭ്യമാക്കാൻ ജനുവരി ഒന്നിന് പ്രഖ്യാപിച്ച കെ- സ്മാർട്ട് സംവിധാനം രണ്ടുമാസം പിന്നിടുമ്പോഴും മുട്ടിലിഴയുന്നു. ഇതോടെ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരും തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും വിഷമസന്ധിയിലാണ്. അതേസമയം, ജനന, മരണ, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ കിട്ടാൻ തടസ്സമില്ല. എന്നാൽ, എൻജിനീയറിങ്, റവന്യൂ വിഭാഗങ്ങളിലെ കാര്യമാണ് കഷ്ടം.
കെട്ടിടനിർമാണ പെർമിറ്റ് മുതൽ നികുതി അടയ്ക്കൽ വരെ പ്രതിസന്ധിയിലാണ്. സാങ്കേതിക പ്രശ്നങ്ങളാണ് പ്രധാനം. ഇതോടെ ജനങ്ങൾ തദ്ദേശസ്ഥാപനങ്ങളിലെത്തി ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്ന സ്ഥിതിയാണ്. ഫയലുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തേക്ക് എത്തുന്നില്ല. ഫയൽനീക്കത്തിന് മുമ്പത്തെക്കാൾ കാലതാമസമാണ്. സ്വയം സാക്ഷ്യപ്പെടുത്തിയ പെർമിറ്റുകൾക്ക് ഫീസ് അടയ്ക്കൽ, പ്ലാനുകളുടെ അപാകത പരിഹരിക്കൽ തുടങ്ങിയവയൊന്നും നടക്കാത്ത സ്ഥിതിയാണ്.
കെ-സ്മാർട്ട് വഴി ലഭിക്കുന്ന പെർമിറ്റുകളിൽ കെട്ടിട ഉടമയുടെ ഒപ്പില്ലെന്ന കാരണത്താൽ ബാങ്കുകൾ വായ്പ നിഷേധിക്കുകയാണ്. 3100 ചതുരശ്ര അടിവരെയുള്ള കെട്ടിടങ്ങൾക്ക് പെർമിറ്റിനായി ലൈസൻസിയും ഉടമയും ചേർന്ന് അപേക്ഷിക്കുമ്പോൾ ഇരുവരുടെയും ഒപ്പ് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യും. എന്നാൽ, പെർമിറ്റ് ലഭിക്കുമ്പോൾ അതിൽ ലൈസൻസിയുടെ ഒപ്പും കെട്ടിടഉടമയുടെ ആധാർ നമ്പറും മാത്രമാണ് ഉണ്ടാവുക. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ സിഗ്നേചറും പെർമിറ്റിലില്ലെന്ന് ആക്ഷേപമുണ്ട്.
നേരത്തേയുള്ള ഐ.ബി.പി.എം.എസ് ഉൾപ്പെടെ സോഫ്റ്റ്വെയറുകളിൽ കെട്ടിട ഉടമയുടെ ഒപ്പടക്കമുള്ള പെർമിറ്റായിരുന്നു ലഭിച്ചിരുന്നത്. മറ്റൊന്ന് നിലവിലെ കെട്ടിടങ്ങളുടെ മുകളിലെ നിർമാണങ്ങൾക്ക് നികുതി നിർണയത്തിന് അപേക്ഷിച്ചാൽ പുതിയ കെട്ടിടനമ്പറും മുഴുവൻ വിസ്തീർണവുമാണ് കണക്കാക്കുന്നത്. അതാകട്ടെ കീശ കാലിയാക്കുന്ന തുകയുമാകും.
അടുത്തമാസം മുതൽ പഞ്ചായത്തുകളിലേക്ക് കെ- സ്മാർട്ട് എത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോർപറേഷനുകളിൽ സോഫ്റ്റ്വെയർ കാര്യക്ഷമമാകാത്തതിനാൽ പൂർണ സജ്ജമല്ലാതെ നടപ്പാക്കേണ്ടെന്ന നിലപാടിലാണ് പഞ്ചായത്തുകൾ.
93 നഗര- തദ്ദേശ സ്ഥാപനങ്ങളിലെ 38 ലക്ഷം കെട്ടിട വിവരങ്ങളാണ് കെ- സ്മാർട്ടിന്റെ ഭാഗമായത്. ഇത് 55 കോടി ഡേറ്റ വരും. എട്ട് പ്രധാന സേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടത്. ഇവയുടെ വിവിധ മൊഡ്യൂളുകൾ കണക്കുകൂട്ടുമ്പോൾ 461 സേവനങ്ങൾ കെ- സ്മാർട്ടിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. പക്ഷെ, സേവനങ്ങൾ കിട്ടാൻ ഇപ്പോഴും കാലതാമസം ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.