മൂന്നുമാസം ഗർഭിണിയായ യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കൾ
text_fieldsപറവൂർ: മൂന്നുമാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ പറവൂത്തറ ഐക്യത്ത് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ അമലയാണ് (24) മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
തിരുവനന്തപുരം വള്ളക്കടവ് കാരാളി അനന്തപുരി ആശുപത്രിക്ക് സമീപം സരസ്വതി വിലാസത്തിൽ വിജയകുമാർ -രാജേശ്വരി ദമ്പതികളുടെ മകളാണ് അമല. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനാൽ രഞ്ജിത്തിന്റെ അച്ഛൻ അശോകൻ വാതിൽ കുത്തിത്തുറന്നപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. രഞ്ജിത്തിനെ വിളിച്ചുവരുത്തി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തും മുമ്പേ മരിച്ചു.
ഭർതൃവീട്ടുകാരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. 2020 ആഗസ്റ്റ് 24 നായിരുന്നു വിവാഹം. അമലയെ സ്വന്തം വീട്ടിലേക്ക് വിടാറില്ലെന്നും ഫോൺ എടുക്കാൻ അനുവദിക്കാറില്ലെന്നും വിളിച്ചാൽ തന്നെ ലൗഡ് സ്പീക്കറിൽ ഇടുകയും റെക്കോഡ് ചെയ്യുകയും ചെയ്തിരുന്നതായും അമലയുടെ വീട്ടുകാർ പറയുന്നു. ഗർഭിണിയായ വിവരം മറച്ചുവെച്ചു. മരണശേഷമാണ് ഇക്കാര്യം അറിയിച്ചതെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. മുമ്പ് രണ്ടു തവണ അമലയുടെ ഗർഭം അലസിയതിനാൽ ദൂരയാത്ര ചെയ്യുമ്പോൾ പ്രശ്നമാകുമെന്ന് കരുതിയാണ് തിരുവനന്തപുരത്തെ വീട്ടിലേക്ക് അയക്കാതിരുന്നതെന്നാണ് രഞ്ജിത്തിന്റെ വീട്ടുകാർ പറയുന്നത്.
അമലയും രഞ്ജിത്തും പിതാവ് അശോകനും മാതാവ് ബിന്ദുവുമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. മൃതദേഹത്തിൽ മറ്റ് മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. മരണത്തിലേക്ക് നയിച്ച കാരണമറിയാൻ വിശദ അന്വേഷണം നടത്തുന്നുമെന്ന് പൊലീസ് പറഞ്ഞു. പറവൂർ തഹസിൽദാർ എ.കെ. അംബികയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി എറണാകുളം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം തിരുവനന്തപുരത്തെത്തിച്ച് സംസ്കരിച്ചു.
മരണത്തിൽ ദുരൂഹത ആരോപിച്ച് അമലയുടെ വീട്ടുകാർ വഞ്ചിയൂർ സ്റ്റേഷനിൽ പരാതി നൽകി. ആരോമൽ ആണ് അമലയുടെ സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.