വൈദ്യന്റെ കൊലപാതകം: മൂന്നുപേർ കൂടി അറസ്റ്റിൽ; കൊലപ്പെടുത്തിയത് ക്രൂരമായി
text_fieldsനിലമ്പൂർ: മൈസൂരു രാജീവ് നഗറിലെ നാട്ടുവൈദ്യൻ ഷാബാ ഷരീഫിനെ (60) കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതികളായ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻ ബത്തേരി കൈപഞ്ചേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), നിലമ്പൂർ മുക്കട്ട സ്വദേശി നടുത്തൊടിക നിഷാദ് (35), സുൽത്താൻ ബത്തേരി തങ്കലകത്ത് നൗഷാദ് (41) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. തിരിച്ചറിയൽ പരേഡിന് വിധേയരാക്കേണ്ടതിനാൽ ചിത്രങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല. മുഖ്യസൂത്രധാരനും ഒന്നാം പ്രതിയുമായ നിലമ്പൂര് മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിൻ അഷറഫിനെ (40) ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ജില്ല പൊലീസ് മേധാവി സുജിത് ദാസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം. എസ്.പിയുടെ കീഴിൽ 20 അംഗ അന്വേഷണസംഘം രൂപവൽകരിച്ചു. കൊലപാതകം നടന്ന നിലമ്പൂർ മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്റെ വീട് പൊലീസ് നിരീക്ഷണത്തിലാണ്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തും.
മൈസൂരു രാജീവ് നഗറിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബത്തേരിയിലും ഷൈബിൻ അഷ്റഫിന്റെ വയനാട്ടിലെ വീട്ടിലും നിലമ്പൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചു. ഷൈബിന്റെ വയനാട്ടിലെ പണി പൂർത്തിയാവാത്ത വീട്ടിൽ നിന്നും മുക്കട്ടയിലെ കൊട്ടാര സദൃശ്യമായ വീട്ടിൽ നിന്നും ആഡംബര കാറുകൾ പൊലീസ് കണ്ടെത്തി.
മൃഗീയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് പ്രതികളിലൊരാളായ നൗഷാദ് സെക്രട്ടേറിയറ്റ് പടിക്കൽ പൊലീസിനും മാധ്യമങ്ങൾക്കും മുന്നിൽ വിളിച്ചു പറഞ്ഞതോടെയാണ്. നൗഷാദ് ഉൾപ്പടെയുള്ള ഏഴംഗ സംഘം നിലമ്പൂരിലെ ഷൈബിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ കവർച്ചയെ കുറിച്ച് ഷൈബിൻ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് നൗഷാദും സംഘവും കൊലപാതക വിവരം പുറത്ത് വിളിച്ചു പറഞ്ഞത്.
വൈദ്യനെ കൊലപ്പെടുത്തിയത് ക്രൂരമായി
മലപ്പുറം: മൂലക്കുരുവിനുള്ള ഒറ്റമൂലി ചികിത്സയുടെ രഹസ്യം വെളിപ്പെടുത്താത്തതിനെത്തുടർന്ന് മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത് ക്രൂരമായി മർദിച്ച ശേഷം. 2019 ആഗസ്റ്റിലാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുവന്നതെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന മലപ്പുറം എസ്.പി എസ്. സുജിത്ദാസ് പറഞ്ഞു. തുടർന്ന് ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിൽ താമസിപ്പിച്ചു.
ഏറെക്കാലം വീടിന്റെ ഒന്നാം നിലയിൽ തടവിൽ പാർപ്പിച്ചിട്ടും ചികിത്സരഹസ്യം വെളിപ്പെടുത്താത്തതോടെയാണ് ക്രൂരമായി മർദിക്കാൻ തുടങ്ങിയത്. ചവിട്ടേറ്റ് നിലത്തുവീണ ഷാബാ ഷരീഫിന്റെ നെഞ്ചിലടക്കം ആഞ്ഞുചവിട്ടിയതോടെയാണ് മരിച്ചത് എന്നാണ് പ്രതികൾ പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്താലേ കൂടുതൽ വ്യക്തതകൾ വരൂവെന്നാണ് പൊലീസ് പറയുന്നത്.
നേരത്തെ അറസ്റ്റിലായ കൂട്ടുപ്രതി നൗഷാദ് പൊലീസിന് നൽകിയ പെൻഡ്രൈവിൽ ഷാബാ ഷരീഫിനെ ചങ്ങലയിൽ ബന്ധിച്ചതിന്റെയും ജീവച്ഛവമായി കഴിയുന്നതിന്റെയുമടക്കം ദൃശ്യങ്ങളുണ്ട്. ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ നിന്ന് കവർന്നതായി പറയുന്ന ലാപ്ടോപ്പിലും നിർണായക വിവരങ്ങളുണ്ടെന്നാണ് സൂചന. ഡിലിറ്റാക്കിയതടക്കമുള്ള വിവരങ്ങൾ വീണ്ടെടുക്കാൻ കോടതി അനുമതിയോടെ വിദഗ്ധ പരിശോധനക്കയക്കും.
വൈദ്യൻ കൊല്ലപ്പെട്ട ശേഷം നിലമ്പൂർ അങ്ങാടിയിൽ പോയി ഇറച്ചിവെട്ടുന്ന കത്തി വാങ്ങിവന്ന് കൂട്ടുപ്രതികളായ നൗഷാദ്, ശിഹാബുദ്ദീൻ, നിഷാദ് എന്നിവരുടെ സഹായത്തോടെ ബാത്റൂമിൽ വെച്ചാണ് മൃതദേഹം ചെറിയ കഷ്ണങ്ങളാക്കിയത്. വെട്ടിമുറിച്ച മൃതദേഹം ചാക്കിൽകെട്ടി എടവണ്ണ സീതിഹാജി പാലത്തിൽ നിന്നാണ് ചാലിയാറിലേക്കെറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.