സംസ്ഥാനത്ത് മൂന്ന് ഓക്സിജൻ പ്ലാൻറ് കൂടി സ്ഥാപിക്കുന്നു
text_fieldsതൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പി.എം കെയർ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് പുതിയ മൂന്ന് ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കും. രാജ്യത്ത് ആകെ സ്ഥാപിക്കുന്ന 52 പി.എസ്.എ (പ്രഷർ സ്വിങ് അഡ്സോർപ്ഷൻ) മെഡിക്കൽ ഓക്സിജൻ പ്ലാൻറുകളുടെ കൂട്ടത്തിലാണ് മൂന്നെണ്ണം സ്ഥാപിക്കുന്നതെന്ന് ടി.എൻ. പ്രതാപൻ എം.പി അറിയിച്ചു. തൃശൂർ ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, മലപ്പുറം തിരൂർ ജില്ല ആശുപത്രി എന്നിവിടങ്ങളിലാണ് പ്ലാൻറ് സ്ഥാപിക്കുക.
പ്ലാൻറ് സ്ഥാപിക്കുന്നതിെൻറ നിർവഹണ ചുമതല എച്ച്.എൽ.എൽ ഇൻഫ്രാടെക് സർവിസസ് ലിമിറ്റഡിനാണ്. പ്ലാൻറ് സ്ഥാപിക്കേണ്ട പ്രദേശത്തെ സിവിൽ, ഇലക്ട്രിക്കൽ പ്രവൃത്തികൾ ദേശീയപാത അതോറിറ്റി നിർവഹിക്കും. സ്ഥലം കണ്ടെത്തി നിർവഹണ ഏജൻസിക്ക് കൈമാറേണ്ടത് സംസ്ഥാന സർക്കാറാണ്.
സ്ഥലം കണ്ടെത്തി നൽകാൻ ദേശീയപാത അതോറിറ്റി അതത് കലക്ടർമാർക്ക് കത്ത് നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മേയ് 31നകം പ്ലാൻറ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കാനാണ് കേന്ദ്ര ആരോഗ്യ -കുടുംബക്ഷേമ മന്ത്രാലയം ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ നിർദേശിച്ചിരിക്കുന്നത്.
മിനിറ്റിൽ 1000 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാൻറാണ് തൃശൂർ ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്നത്. നേരത്തേ രാജ്യവ്യാപകമായി പി.എം കെയർ ഫണ്ടിൽനിന്ന് 581 ഓക്സിജൻ പ്ലാൻറ് അനുവദിച്ചപ്പോൾ തൃശൂർ മെഡിക്കൽ കോളജിൽ ഒന്നര കോടി രൂപ ചെലവിൽ മിനിറ്റിൽ ആയിരം ലിറ്റർ ശേഷിയുള്ള പ്ലാൻറ് അനുവദിച്ചിരുന്നു. ഇതിെൻറ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.