മുക്കുപണ്ടം നൽകി പണംതട്ടാൻ ശ്രമം: മൂന്നുപേർ കൂടി അറസ്റ്റിൽ
text_fieldsകോട്ടയം: മുക്കുപണ്ടം പണയംവെച്ച് പണംതട്ടാൻ ശ്രമിച്ച കേസിൽ മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു. പാലക്കാട് പുതുക്കോട് സ്വദേശി തൃശൂർ കൂർക്കഞ്ചേരി ഭാഗത്ത് വാടകക്ക് താമസിക്കുന്ന അബ്ദുൾസലാം (29), ഇടുക്കി കുട്ടപ്പൻസിറ്റി സ്വദേശി അഖിൽബിനു (28), കോതമംഗലം സ്വദേശി സി.എ. ബിജു (46) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ദിൽജിത്ത് എന്നയാൾ ഈമാസം ഏഴിന് വേളൂർ മാണിക്കുന്നം ഭാഗത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണമെന്ന വ്യാജേനെ മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ സ്ഥാപന ഉടമ പൊലീസിൽ വിവരമറിയിക്കുകയും വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ദിൽജിത്തിനെ പിടികൂടുകയും ചെയ്തിരുന്നു.
വിശദമായ അന്വേഷണത്തിൽ ഇയാളുടെ കൂട്ടാളികളെക്കുറിച്ച് പൊലീസിന് സൂചന ലഭിക്കുകയും തുടർന്ന് ഇവരെ വിവിധ സ്ഥലങ്ങളിൽനിന്നായി പിടികൂടുകയുമായിരുന്നു. മുക്കുപണ്ടങ്ങൾ നിർമിച്ച് അത് പണയപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
അബ്ദുൾസലാമിന് പട്ടാമ്പി, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, കറുകച്ചാൽ, തൃശൂർ ഈസ്റ്റ്, ചെങ്ങന്നൂർ സ്റ്റേഷനുകളിലും അഖിൽ ബിനുവിന് മലയാലപ്പുഴ, ഇടുക്കി, കിളികൊല്ലൂർ, ഇടുക്കി സ്റ്റേഷനുകളിലും ബിജുവിന് കനകക്കുന്ന്, തൊടുപുഴ, വീയപുരം, അമ്പലപ്പുഴ, വെള്ളത്തൂവൽ, ആലുവ, പന്തളം, ചങ്ങനാശ്ശേരി, കുറവിലങ്ങാട് സ്റ്റേഷനുകളിലും ക്രിമിനൽ കേസുണ്ട്.
വെസ്റ്റ് എസ്.എച്ച്.ഒ പ്രശാന്ത്കുമാർ, എസ്.ഐമാരായ അജ്മൽ ഹുസൈൻ, കെ. ജയകുമാർ, കെ. രാജേഷ്, സിജു കെ. സൈമൺ, ടി.ആർ. ഷിനോജ്, സി.പി.ഒമാരായ ദിലീപ് വർമ, കെ.എം. രാജേഷ്, അരുൺകുമാർ, സിനൂപ്, ഷൈൻ തമ്പി, സുനിൽകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.