പാനൂർ ബോംബ് സ്ഫോടന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ
text_fieldsപാനൂർ: മുളിയാത്തോട് ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്ന് ഒരാൾ മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ കിഴക്കെ കതിരൂരിലെ മംഗലശേരി രജിലേഷ് (43), മണിക്കത്തറയിൽ ജിജോഷ് (38), വടകര മടപ്പള്ളി കൂളിബസാർ സ്വദേശി ബാബു കേളോത്ത് (45) എന്നിവരെയാണ് പാനൂർ സി.ഐ കെ.പ്രേംസദൻ അറസ്റ്റു ചെയ്തത്. മൂന്ന് കിലോ വെടിമരുന്നും ഇവരിൽനിന്ന് കണ്ടെത്തി. വെടിമരുന്ന് കണ്ടെത്തിയ സംഭവത്തിൽ ചോമ്പാല പൊലീസ് മറ്റൊരു കേസ് എടുത്തിട്ടുണ്ട്.
സ്ഫോടനത്തിന് ഉപയോഗിച്ച വെടിമരുന്ന് എത്തിച്ചത് രജിലേഷ് ഉൾപ്പെട്ട സംഘമാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതോടെയാണ് അറസ്റ്റ്. മടപ്പള്ളിയിലെ ബാബുവാണ് വെടിമരുന്ന് നൽകിയത്. കഴിഞ്ഞ ദിവസം കോടതി കസ്റ്റഡിയിൽ വിട്ട പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് അറസ്റ്റ് ചെയ്ത പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
ആർ.എസ്.എസ് നേതാവ് കതിരൂർ മനോജ് വധക്കേസ് പ്രതി സജിലേഷ് എന്ന സജൂട്ടിയുടെ സഹോദരനാണ് ഇപ്പോൾ ബോംബ് സ്ഫോടനക്കേസിൽ അറസ്റ്റിലായ രജിലേഷ്. അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കും. ഇതോടെ ബോംബ് സ്ഫോടന ക്കേസിൽ പ്രതികളായവരുടെ എണ്ണം 15 ആയി. പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വോട്ടെടുപ്പ് കഴിയുന്നതോടെ പ്രതികളുടെ ജാമ്യാപേക്ഷ സമർപ്പിക്കും.
ബോംബ് നിർമാണത്തിന്‍റെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ ഒമ്പത് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ ആസൂത്രകൻ കുന്നോത്ത്പറമ്പ് ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മീത്തലെ കുന്നോത്ത്പറമ്പ് തങ്കേശ പുരയിൽ ഷാജിൽ (27), കരിയാവുള്ളതിൽ ചാലി അക്ഷയ് (27), ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28), മുളിയാത്തോട്ടെ സി.പി.എം പ്രവർത്തകൻ കരിപ്പന കാട്ടിൽ മിഥുൻ (31), ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) അടക്കമുള്ളവരാണ് അറസ്റ്റിലായത്.
ഏപ്രിൽ അഞ്ചിനാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സി.പി.എം അനുഭാവിയായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്. മൂന്നു പേർക്കു പരിക്കേറ്റു. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കാണു പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.