'സി.പി.എമ്മിന്റെ നാല് എം.പിമാരിൽ മൂന്ന് പേരും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയിൽ ജയിച്ചവർ'; ചിത്രങ്ങൾ പുറത്തുവിട്ട് സി.പി.എമ്മിന് മറുപടി
text_fieldsകോഴിക്കോട്: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ വയനാട്ടിൽ വിജയിച്ചത് മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്നും ജമാഅത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും കൂട്ടുപിടിച്ചത് കോൺഗ്രസ് ചെയ്തത് വലിയ തെറ്റാണെന്നുമുള്ള സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി ജമാഅത്തെ ഇസ്‌ലാമി നേതാവ്.
സി.പി.എമ്മിന് ആകെയുള്ള നാല് എം.പിമാരിൽ മൂന്നുപേരും വിജയിച്ചത് ജമാഅത്തെ ഇസ്ലാമി പിന്തുണയോടെയാണെന്ന് ചിത്രങ്ങൾ സഹിതം വ്യക്തമാക്കിയാണ് സി.പി.എമ്മിനുള്ള മറുപടി. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരാണ് ഫേസ്ബുക്കിലൂടെ സി.പി.എം വിമർശനങ്ങൾക്ക് മറുപടി നൽകിയത്.
രാജസ്ഥാനിലെ സിക്കർ മണ്ഡലത്തിൽ നിന്ന് വിജയിച്ച സി.പി.എം എം.പി അംറ റാം ജമാഅത്തെ ഇസ്ലാമി രാജസ്ഥാൻ അമീർ മുഹമ്മദ് നാസിമുദ്ദീനൊപ്പം ഇരിക്കുന്നതാണ് ഒരു ചിത്രം. ജമാഅത്തെ ഇസ്ലാമി രാജസ്ഥാൻ ശൂറ മെമ്പർ ഖുർശിദ് ഹുസൈനും സികാർ ജില്ലാ പ്രസിഡന്റ് ആരിഫ് ജാട്ടുവിന്റെയും കൂടെയുള്ള അംറ റാമിന്റെ ചിത്രമാണ് മറ്റൊന്ന്.
2019 ൽ കോയമ്പത്തൂരിൽ നിന്ന് വിജയിച്ച സി.പി.എം സ്ഥാനാർഥി പി. ആർ നടരാജൻ കോയമ്പത്തൂരിലെ ജമാഅത്ത് ഓഫിസിൽ ജമാഅത് നേതാക്കളോടൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവെച്ചു. എം.വി ഗോവിന്ദന്റെയും എ വിജയരാഘവന്റെയും വർഗീയതാ സിദ്ധാന്തം സഹ്യപർവതത്തിനിപ്പുറം മാത്രമുള്ള ഒരു വൈരുധ്യാത്മക സിദ്ധാന്തമാണെന്നും ശിഹാബ് പൂക്കോട്ടൂർ കുറ്റപ്പെടുത്തി.
സി.പി.എം വയനാട് ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് സി.പി.എം പി.ബി അംഗമായ എ. വിജയരാഘവന്‍റെ വിവാദ പരാമർശം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച് ഡൽഹിയിൽ എത്തിയത് മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്നാണ് വിജയരാഘവൻ പറഞ്ഞത്.
അവരുടെ പിന്തുണ ഇല്ലെങ്കിൽ രാഹുൽ ഗാന്ധി ജയിക്കുമായിരുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ ഓരോ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട വർഗീയ, തീവ്രവാദ ഘടകങ്ങൾ ആയിരുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു.
വയനാട് പരാമർശത്തിൽ വിവാദം കത്തുമ്പോഴും നിലപാട് ആവർത്തിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ വീണ്ടും രംഗത്തെത്തിയിരുന്നു.
'ജമാഅത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും കൂട്ടുപിടിച്ചുള്ള വയനാട്ടിലെ മത്സരം, പ്രതിപക്ഷം തീവ്ര മുസ്ലിം വർഗീയതക്ക് ഒപ്പമാണ് എന്ന പ്രചരണം നടത്താൻ ബി.ജെ.പിക്ക് അവസരമൊരുക്കി. ഇത് രാജ്യമാകെ അവർ പ്രചരണ വിഷയമാക്കി. അതിന് അവസരം നൽകിയതിലൂടെ വലിയൊരു തെറ്റാണ് കോൺഗ്രസ് ചെയ്തത്. ന്യൂനപക്ഷവർഗീതയതയുടെ ഏറ്റവും മോശപ്പെട്ട ശക്തികളെവരെ കൂട്ടുപിടിച്ച് കേരളത്തിന്റെ പുരോഗമന അടിത്തറ തകർക്കുകയെന്ന പിന്തിരിപ്പൻ രാഷ്‌ട്രീയത്തിന് നേതൃത്വം നൽകി. അധികാരം കിട്ടാൻ ഏത് വർഗീയതയുമായും സന്ധിചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വം തെളിയിക്കുന്നത്.'-വിജയരാഘവൻ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.