വിവരം നൽകാത്ത മൂന്ന് ഓഫിസർമാർക്ക് 37,500 രൂപ പിഴ
text_fieldsതിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം അപേക്ഷകർക്ക് വിവരം നൽകുന്നതിൽ അശ്രദ്ധ കാട്ടിയ മൂന്ന് ഓഫിസർമാർക്ക് 37,500 രൂപ പിഴ.
ആലപ്പുഴ ജില്ല പഞ്ചായത്ത് എക്സി. എൻജിനീയർ എസ്.ഡി. രാജേഷ് 20,000 രൂപയും കോട്ടയം നഗരസഭ സൂപ്രണ്ട് ബോബി ചാക്കോ 15,000 രൂപയും ചവറ ബ്ലോക്ക്പഞ്ചായത്ത് അസി. എക്സി. എൻജിനീയർ വി. ലത 2500 രൂപയും പിഴയൊടുക്കാൻ സംസ്ഥാന വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹക്കീമാണ് ഉത്തരവിട്ടത്.
കൊച്ചി കോർപറേഷനിൽ എസ്.ഡി. രാജേഷ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറായിരിക്കെ 2015 ഒക്ടോബറിൽ കെ.ജെ. വിൻസെന്റ് സമർപ്പിച്ച വിവരാവകാശ അപേക്ഷക്ക് മറുപടി നൽകിയില്ല. വിവരം നൽകാൻ കമീഷൻ നിർദേശിച്ചിട്ടും നടപ്പാക്കിയില്ല.
ഹിയറിങ്ങിന് വിളിച്ചിട്ടും ഹാജരായില്ല. കമീഷൻ സമൻസ് അയച്ച് രാജേഷിനെ തലസ്ഥാനത്ത് വരുത്തുകയായിരുന്നു. വിൻസെന്റ് ആവശ്യപ്പെട്ട വിവരങ്ങൾ ഏപ്രിൽ 13നകം ഇപ്പോഴത്തെ ഓഫിസർ ലഭ്യമാക്കാനും കമീഷൻ ഉത്തരവായി. കൊണ്ടോട്ടി നഗരസഭയിൽ ബോബി ചാക്കോ പ്രവർത്തിച്ച 2022 ഏപ്രിലിൽ ചെറുവാടി ലക്ഷ്മിയുടെ അപേക്ഷക്ക് വിവരം നൽകിയില്ല.
കീഴ് ജീവനക്കാരന്റെ മേൽ ചുമതല ഏൽപിച്ച് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറിയതായും കണ്ടെത്തി. ഒന്നാം അപ്പീൽ അധികാരിയുടെ നടപടികൾ കമീഷൻ ശരിവെച്ചിട്ടുമുണ്ട്. ഇരുവരും ഏപ്രിൽ 13നകം പിഴയൊടുക്കി ചലാൻ കമീഷന് സമർപ്പിക്കണം.
വിവരം നൽകാമെന്നറിയിച്ച് പണം അടപ്പിച്ചശേഷം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിവരം നിഷേധിച്ചതിനാണ് ചവറ ബ്ലോക്ക് പഞ്ചായത്ത് അസി. എക്സി. എൻജിനീയർ വി. ലത 2500 രൂപ പിഴ ഒടുക്കേണ്ടത്.
2018 കാലത്ത് ഇവർ പന്തളം നഗരസഭയിൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസറായിരുന്നപ്പോഴാണ് വീഴ്ച വരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.