രൺജിത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് ഭീഷണി; മൂന്നു പേർ അറസ്റ്റിൽ
text_fieldsആലപ്പുഴ: രൺജിത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിയെ അധിക്ഷേപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത മൂന്നു പേർ അറസ്റ്റിലായി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീർ മോൻ, നവാസ് നൈന, തിരുവനന്തപുരം പോത്തൻകോട് സ്വദേശി റാഫി എന്നിവരാണ് പിടിയിലായത്.
കലാപാഹ്വാനത്തിന് കേസെടുത്ത് ആലപ്പുഴ സൗത്ത് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രൺജിത് ശ്രീനിവാസൻ വധക്കേസിൽ മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി 15 പ്രതികൾക്കും വധശിക്ഷയാണ് ജഡ്ജി വിധിച്ചിരുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു കേസിൽ ഇത്രയധികം പേർക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷക്കുപുറമെ പ്രതികൾക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ് പ്രതികൾ.
2021 ഡിസംബർ 19ന് പുലർച്ചയാണ് ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസനെ വീട്ടിൽ കയറി മാതാവിന്‍റെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. തലേദിവസം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ.എസ്. ഷാനിനെ മണ്ണഞ്ചേരിയിൽ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് രൺജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ഈ കേസിൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.