65 കിലോ ചന്ദനവുമായി മറയൂരിൽ മൂന്നുപേര്‍ പിടിയില്‍
text_fieldsമറയൂര്‍: മറയൂര്‍ മേഖലയില്‍നിന്ന് ചന്ദനം വെട്ടിയെടുത്ത് ചെറുകഷണങ്ങളാക്കി കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി മൂച്ചിക്കല്‍ പീരിച്ചേരി വീട്ടിൽ മുഹമ്മദ് സ്വാലിഹ് (22), ഈരാറ്റുപട്ട നടക്കല്‍ പടിപ്പുരക്കല്‍ വീട്ടില്‍ മന്‍സൂര്‍ (41), പൂക്കോട്ടൂര്‍ മൂച്ചിക്കല്‍ ഇല്ലിക്കറ വീട്ടില്‍ ഇര്‍ഷാദ് (28) എന്നിവരെയാണ് മറയൂരിലെ വനപാലക സംഘം പട്രോളിങ്ങിനിടെ പിടികൂടിയത്.
13 ലക്ഷം രൂപയോളം വിലവരുന്ന 65 കിലോചന്ദനം ഇവരിൽനിന്ന് പിടിച്ചെടുത്തു. കർണാടകയുടെ വ്യാജ രജിസ്ട്രേഷനിലുള്ള കാറിലാണ് സംഘം ചന്ദനം കടത്താൻ ശ്രമിച്ചത്. ശനിയാഴ്ച രാത്രി മറയൂര്‍ പെട്രോള്‍ പമ്പിന് സമീപം കാറിലെത്തിയ മുഹമ്മദ് സ്വാലിഹിനെയും ഇര്‍ഷാദിനെയുമാണ് ആദ്യം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോൾ മൻസൂറിനെക്കുറിച്ച് വിവരം ലഭിച്ചു. ഇയാള്‍ താമസിക്കുന്ന മുറിയിൽനിന്നാണ് കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ചന്ദനം കണ്ടെത്തിയത്.
മൂന്ന് ദിവസം മുമ്പ് മറയൂരിലെത്തിയ മൂവരും ടൗണിനടത്തുള്ള സ്വകാര്യ ലോഡ്ജില്‍ ഒരു ദിവസം താമസിച്ച ശേഷം കരിമ്പില്‍ തോട്ടത്തിനു സമീപത്തെ ലോഡ്ജിലേക്ക് മാറി. മറയൂര്‍ സ്വദേശിയില്‍നിന്നാണ് ചന്ദനം വാങ്ങിയത്. ഇതിൽ 25 കിലോയോളം ചന്ദനം മോശമാണെന്നും അതിന്‍റെ തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് തര്‍ക്കമുണ്ടാകുകയും ചെയ്തു. ഇവര്‍ക്ക് ചന്ദനം നല്‍കിയ വ്യക്തിയെക്കുറിച്ച് വനപാലകര്‍ക്ക് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറയൂര്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ വി.ആര്‍. ശ്രീകുമാര്‍, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഹാരിസണ്‍ ശശി, രാമകൃഷ്ണന്‍, ബി.എഫ്.ഒമാരായ ബിജു അഗസ്റ്റിന്‍, അഖില്‍, രാമകൃഷ്ണന്‍, സിജുലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.