ഒമാനിലെ എം.ഡി.എം.എക്ക് വീര്യം കൂടുമെന്ന് പ്രതികൾ, വിമാന മാർഗം മുംബൈയിൽ എത്തിച്ചു, ട്രെയിൻ മാർഗം കേരളത്തിലേക്ക്; തിരൂരിൽ പിടിയിലായത് മൂന്ന് പേർ
text_fieldsതിരൂർ: മലപ്പുറം തിരൂരിൽ പിടികൂടിയ എം.ഡി.എം.എ എത്തിയത് ഒമാനിൽ നിന്ന്. ഒമാനിൽ നിന്ന് മുംബൈയിലെത്തുകയും അവിടെ നിന്ന് ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തുകയുമായിരുന്നു. കേസിൽ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആനമങ്ങാട് സ്വദേശി പുല്ലാണിക്കൽ ഹൈദരലി(29) വേങ്ങര സ്വദേശി കുന്നത്ത് അസൈനാർ(37) കണ്ണമംഗലം സ്വദേശി പാറക്കൻ മുഹമ്മദ് കബീർ(33) എന്നിവരാണ് പിടിയിലായത്. 141.58 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
ഹൈദരലി ദിവസങ്ങൾക്കു മുൻപ് വിസിറ്റിങിനായി ഒമാനിൽ പോയിയിരുന്നു. മൂന്ന് ദിവസം മുമ്പ് മുംബൈയിലെത്തി മറ്റു രണ്ടു പ്രതികളെയും കൂട്ടി അവിടെ നിന്നും ട്രെയിൻ വഴിയാണ് തിരൂരിൽ എത്തിയത്. റെയിൽവേ സ്റ്റേഷൻ സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ വെച്ച് മയക്കുമരുന്നുമായി കടന്നു കളയാൻ ശ്രമിക്കവെയാണ് പൊലീസിന്റെ വലയിലായത്.
ഒമാനിൽ നിന്ന് പാകിസ്താനിയായ വില്പനക്കാരനിൽ നിന്നുമാണ് മയക്കുമരുന്ന് വാങ്ങിയതെന്നും 360 റിയാൽ നൽകിയതായും പിടിയിലായ ഹൈദരലി പൊലീസിനോട് പറഞ്ഞു. കേരള വിപണിയിൽ അഞ്ചു ലക്ഷത്തോളം രൂപക്ക് വിൽക്കാനാണ് തയാറെടുത്തിരുന്നത്. ഒമാനിൽ നിന്നും ലഭിക്കുന്ന എം.ഡി.എം.എ ഏറ്റവും വീര്യം കൂടിയ ഇനമാണ് എന്നും ആയതിനു വളരെ അധികം ഡിമാൻഡ് ആണെന്നുമാണ് പിടികൂടിയ പ്രതികൾ പറയുന്നത്.
മലപ്പുറം ജില്ല പൊലീസ് മേധാവി ആർ.വിശ്വനാഥ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരൂർ പൊലീസും തിരൂർ, പെരിന്തൽമണ്ണ ഡാൻസാഫ് അംഗങ്ങളും ചേർന്ന് നഗരത്തിൽ ഉടനീളം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
തിരൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജിനേഷ് കെ.ജെ, എസ്.ഐ സുജിത്ത് ആർ.പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, രാജേഷ് കെ ആർ, ബിനു,ധനീഷ് കുമാർ, വിവേക്, സതീഷ് കുമാർ, ദിൽജിത്, സുജിത്, ജവഹർ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.