മൂന്നുപേർക്ക് സൂര്യാതപമേറ്റു; 11 മുതൽ മൂന്നു വരെയുള്ള സമയത്ത് സമ്മേളനങ്ങൾ ഒഴിവാക്കണമെന്ന് നിർദേശം
text_fieldsതിരുവനന്തപുരം: കനത്ത ചൂടിനെ തുടർന്ന് സംസ്ഥാനത്ത് മൂന്നുപേർക്ക് സൂര്യാതപമേറ്റു. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് സംഭവം. കോഴിക്കോട് ആനയാംകുന്നിൽ സുരേഷിന് പൊള്ളലേറ്റു. വാഴത്തോട്ടത്തിൽ പോയി വരുമ്പോളാണ് കഴുത്തിൽ സൂര്യാതപമേറ്റത്.
മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ ഹുസൈനാണ് (44) പൊള്ളലേറ്റത്. ഉച്ചക്ക് 12 മണിയോടെ വീടിന്റെ ടെറസിൽ ജോലി ചെയ്യുന്നതിനിടെയാണ് വലത് കൈയിലും കഴുത്തിലും സൂര്യാതാപമേറ്റത്. പത്തനംതിട്ട കോന്നിയിൽ ഗ്രാമപഞ്ചായത്ത് അംഗം കെ.ജി ഉദയനാണ് സൂര്യാതപമേറ്റത്.
അതേസമയം, സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകി. രാവിലെ 11 മുതൽ ഉച്ചക്ക് മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണമെന്നും പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു.
കഴിവതും ഈസമയത്ത് സമ്മേളനങ്ങൾ ഒഴിവാക്കണം. അംഗൻവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതത് പഞ്ചായത്ത് അധികൃതരും അംഗൻവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
മറ്റ് നിർദേശങ്ങൾ ചുവടെ
*വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കണം
*പരീക്ഷക്കാലമായാൽ പരീക്ഷഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം
വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണം
*കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്
*ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം
*കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ മൂന്നു മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
*മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും 11 മുതൽ മൂന്നു മണിവരെ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക ജോലിയിലേർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക
*നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുക

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.