യുവാവിന് വെട്ടേറ്റ കേസിൽ മൂന്നുപേർ ആന്ധ്രയിൽ അറസ്റ്റിൽ
text_fieldsനാദാപുരം: വളയം റോഡിൽ ഓത്തിയിൽ മുക്കിൽ റോഡരികിൽ ജാതിയേരി സ്വദേശി മാന്താറ്റിൽ അജ്മലിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ മൂന്നുപേർ ആന്ധ്രയിൽ അറസ്റ്റിൽ. ജാതിയേരി സ്വദേശികളായ ജാബിർ (32), അനസ് (30), മുഹമ്മദ് അസറുദ്ദീൻ എന്നിവരെയാണ് ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങൾ അന്ധ്രയിലെ സത്യായി ജില്ലയിൽവെച്ച് പിടികൂടിയത്.
നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾ സ്ഥലത്തെ ഒരു ദർഗയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എ.എസ്.ഐ മനോജ് രാമത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ. ലതീഷ്, സദാനന്ദൻ കായക്കൊടി, കെ.കെ. സുനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി നാദാപുരം സ്റ്റേഷനിലെത്തിച്ചത്. ഫോൺ വിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
2023 നവംബർ രണ്ടിന് രാത്രി എട്ടുമണിയോടെയാണ് റോഡിൽനിന്ന് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന അജ്മലിനെ രണ്ടു ബൈക്കുകളിൽ എത്തിയ സംഘം ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിയത്.
ജാതിയേരി മയക്കുമരുന്ന് വിതരണ സംഘത്തിലെ അംഗമായിരുന്നു അജ്മൽ. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി അജ്മൽ ഇടഞ്ഞുനിൽക്കുകയായിരുന്നു. ഇതിനിടയിലാണ് ഇയാൾക്ക് ഓത്തിയിൽ മുക്കിൽവെച്ച് വെട്ടേൽക്കുന്നത്. മാഹിയിൽ മദ്യക്കട കുത്തിത്തുറന്ന് മോഷണം നടത്തിയതുൾപ്പെടെ മറ്റു കേസിലും അജ്മൽ പ്രതിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.