മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിൽ സംഘ്പരിവാർ; മൂന്നുപേരെ തിരിച്ചയച്ചു
text_fieldsതിരുവനന്തപുരം: വധഭീഷണി ഉൾപ്പെടെ നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷാവലയത്തിലുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്ന സംഘത്തിലും സംഘ്പരിവാർ അനുഭാവികൾ നുഴഞ്ഞുകയറി. തുടർന്ന് മൂന്ന് പൊലീസുകാരെ ക്യാമ്പുകളിലേക്ക് മടക്കി. നിലവിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥരുടെ രാഷ്ട്രീയബന്ധം സംബന്ധിച്ച വിശദാംശങ്ങൾ രഹസ്യാന്വേഷണവിഭാഗം ശേഖരിച്ചിട്ടുണ്ട്. പാർട്ടി അനുഭാവികളായ പൊലീസുകാരെയാണ് മുഖ്യമന്ത്രി ഉൾെപ്പടെ മന്ത്രിമാരുടെ സുരക്ഷാചുമതലക്കുള്ള ഗൺമാൻമാരായും ഒാഫിസുകളിലും നിയോഗിക്കുക. പാർട്ടി ശിപാർശ ഉൾപ്പെടെ ലഭ്യമാക്കിയാണ് പലരും ഇത്തരം ചുമതലകളിൽ എത്താറുള്ളത്. എന്നാൽ ആർ.എസ്.എസ് ബന്ധമുള്ള ഉദ്യോഗസ്ഥർ എങ്ങനെ മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയിൽ എത്തിയെന്നത് സി.പി.എമ്മിനെ ഉൾപ്പെടെ ഞെട്ടിച്ചിട്ടുണ്ട്.
ആർ.എസ്.എസ് ബന്ധം മാത്രമല്ല, മറ്റ് ചില കാരണങ്ങളുംകൊണ്ടാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ മടക്കി അയച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഒാഫിസ് വൃത്തങ്ങളുടെ വിശദീകരണം. പൊലീസ് സേനക്കുള്ളിൽ ആർ.എസ്.എസ് അനുഭാവികളുടെ എണ്ണം വർധിക്കുന്നതിെൻറയും അവർ വിവിധ ഗ്രൂപ്പുകളുണ്ടാക്കി രഹസ്യ യോഗങ്ങൾ നടത്തിയതിെൻറയും വിവരം പുറത്തുവന്നിരുന്നു. എന്നാൽ തെളിവുകൾ ലഭ്യമാക്കിയിട്ടും ഇത്തരം ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുന്നവർക്കെതിരെ നടപടി കൈക്കൊള്ളാതെ നിരപരാധികളെ സ്ഥലംമാറ്റുകയാണുണ്ടായതെന്ന പരാതി പൊലീസ് സേനയിൽ തന്നെയുണ്ട്. പൊലീസിൽ വർഗീയ ധ്രുവീകരണം ശക്തമാണെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. പല മതത്തിലുള്ളവർക്കും രാഷ്ട്രീയ പാർട്ടികളിലുള്ളവർക്കുമുള്ള ഗ്രൂപ്പുകൾ സേനകൾക്കുള്ളിൽ ശക്തമാണ്. ഇൗ പ്രവർത്തനങ്ങൾക്കെതിരെ നടപടിയില്ല. മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് മടക്കിയ പൊലീസ് ഉദ്യോഗസ്ഥനെ മറ്റൊരുമന്ത്രി ഗൺമാനാക്കിയത് ‘മാധ്യമം’ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.