വിവാദ മരംമുറി: അന്വേഷണം മൂന്ന് മേഖലകളായി തിരിച്ച്; പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
text_fieldsതൃശൂർ: വിവാദ ഉത്തരവിന്റെ മറവിൽ വൻതോതിൽ മരം മുറിച്ചുകടത്തിയ സംഭവത്തിൽ പ്രത്യേക സംഘം മൂന്ന് മേഖലകളായി തിരിച്ച് അന്വേഷണം നടത്തും. എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ തൃശൂരിൽ ചേർന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം.
പ്രാഥമിക പരിശോധന വിവരങ്ങൾ വിലയിരുത്തി. തുടർനടപടി ചര്‍ച്ച ചെയ്തു. മൂന്ന് ക്രൈം ബ്രാഞ്ച് എസ്.പിമാരുടെ നേതൃത്വത്തിലാകും അന്വേഷണം. വയനാട്ടിലെ അന്വേഷണം എസ്.പി കെ.വി. സന്തോഷ് കുമാറിെൻറ നേതൃത്വത്തിൽ നടക്കും. വിജിലൻസ് ഡിവൈ.എസ്.പി വി. ബാലകൃഷ്ണനും സംഘത്തിലുണ്ട്. തൃശൂരിലേത് ക്രൈംബ്രാഞ്ച് എസ്.പി സുദർശനും എറണാകുളം, ഇടുക്കി ജില്ലകളിലെത് കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവും അന്വേഷിക്കും.
ലോക്കൽ പൊലീസിനെയും ഓരോ ജില്ലകളിലെയും വനം ഉദ്യോഗസ്ഥരെയും അന്വേഷണ ഭാഗമാക്കും. ആവശ്യമനുസരിച്ച് കൂടുതൽ വിജിലൻസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. മോഷണം, ഗൂഢാലോചന കുറ്റങ്ങളും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തി. ആരെയും പ്രതിചേർത്തിട്ടില്ല. കേസിൽ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി എ.ഡി.ജി.പി എസ്. ശ്രീജിത്ത് പറഞ്ഞു.
നിലവിൽ വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം തുടരും. പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച മുട്ടിൽ മരംമുറി നടന്ന മേഖലകൾ സന്ദർശിച്ച് തെളിവെടുക്കും. പൊലീസ്, വനം, വിജിലൻസ് സംഘം സംയുക്തമായി കേസുമായി ബന്ധപ്പെട്ട കൺട്രോൾ റൂം പ്രവർത്തനമാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.