കണക്ഷൻ വിച്ഛേദിച്ചു; ഓണനാളിലും വൈദ്യുതിയില്ലാതെ മൂന്ന് ആദിവാസി കുടുംബങ്ങൾ
text_fieldsകാളികാവ്: തിരുവോണമാഘോഷിക്കാൻ ഒരുങ്ങുന്നതിനിടയിലും വൈദ്യുതി വെളിച്ചം നിഷേധിക്കപ്പെട്ട് ചോക്കാട്ട് മൂന്ന് കുടുംബങ്ങൾ. ചോക്കാട് ഗ്രാമപഞ്ചായത്തിലെ നെല്ലിയാംപാടം ആദിവാസി കോളനിയിലെ കുടുംബങ്ങളുടെ വീടുകളാണ് ഇരുട്ടിലായത്. കുടിശ്ശികയുടെ പേരിലാണ് കെ.എസ്.ഇ.ബി അധികൃതർ ഇവരുടെ വൈദ്യുതി കണക്ഷൻ എടുത്തുകളഞ്ഞത്. സൗജന്യ വൈദ്യുതി പരിധി കഴിഞ്ഞതിനുശേഷമുള്ള ഉപയോഗത്തിനാണ് വൻതുക കുടിശ്ശികയായിരിക്കുന്നത്. നിരക്ഷരരായ കുടുംബങ്ങൾ ഇക്കാര്യമൊന്നുമറിയാതെ പോയതാണ് പ്രശ്നമായത്.
ചോക്കാട് നെല്ലിയാംപാടം കോളനിയിലെ വെള്ളന്‍റെ കുടുംബത്തിന്‍റെ വൈദ്യുതി ബിൽ കുടിശ്ശിക 19,274 രൂപയാണ്. വലിയ നീലി, കണക്കൻ എന്നിവർക്ക് 6000ത്തോളം രൂപ വീതവും കുടിശ്ശികയുണ്ട്. അഞ്ചുമാസം മുമ്പ് ഈ കുടുംബങ്ങളുടെ വീടുകളിലെ കണക്ഷൻ വിച്ഛേദിച്ചു. ഇപ്പോൾ സർവിസ് വയറുകളടക്കം നീക്കം ചെയ്തു.
സമയാസമയങ്ങളിൽ വൈദ്യുതി ജീവനക്കാർ വിവരങ്ങൾ നൽകാനോ വൈദ്യുതി ഉപഭോഗത്തെക്കുറിച്ച് ബോധവത്കരിക്കാനോ തയാറാകാത്തതാണ് ആദിവാസികളായ ഈ പാവങ്ങൾ അബദ്ധത്തിൽ ചാടാനിടയായതെന്നാണ് വിലയിരുത്തുന്നത്. സാധാരണ വൈദ്യുതി ബിൽ അടക്കാതിരുന്നാൽ ഏതാനും ദിവസത്തിനുള്ളിൽ തന്നെ വൈദ്യുതി വിച്ഛേദിക്കാറാണ് പതിവ്. എന്നാൽ, മാസങ്ങൾ പലത് കഴിഞ്ഞിട്ടും വൈദ്യുതി ബിൽ കുടിശ്ശിക ആയിരങ്ങളായി ഉയർന്നിട്ടും പരിഹാരം നിർദേശിക്കാതെ കെ.എസ്.ഇ.ബി അധികൃതർ പ്രശ്നം നീട്ടിക്കൊണ്ടുപോയതായി ഗ്രാമപഞ്ചായത്ത് അംഗം സലീന കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.