ഉദ്ഘാടനം കഴിഞ്ഞ് മൂന്നാഴ്ച ;പച്ചത്തേങ്ങ സംഭരണം തുടങ്ങിയില്ല
text_fieldsമുള്ളൻകൊല്ലി: കൃഷിവകുപ്പ് ജില്ലക്ക് ആദ്യമായി അനുവദിച്ച പച്ചത്തേങ്ങ സംഭരണം ഇനിയും തുടങ്ങിയില്ല. നവകേരള സദസ്സ് വയനാട്ടിൽ നടക്കുന്നതിനോടനുബന്ധിച്ച് തിരക്കുപിടിച്ച് മുള്ളൻകൊല്ലിയിൽ ഉദ്ഘാടനം ചെയ്ത സംഭരണ കേന്ദ്രത്തിലാണ് ഇനിയും തേങ്ങ സംഭരണം ആരംഭിക്കാത്തത്. നവംബർ ആദ്യവാരം പാടിച്ചിറയിലെത്തിയ കൃഷിമന്ത്രി പി. പ്രസാദ് മുള്ളൻകൊല്ലിയിൽ പച്ചത്തേങ്ങ സംഭരണം എത്രയും പെട്ടെന്ന് തുടങ്ങുമെന്ന് അറിയിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ, പിന്നീട് അതു സംബന്ധിച്ച നടപടികളൊന്നും ഉണ്ടായില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ്സ് വയനാട്ടിലെത്തുന്നതോടനുബന്ധിച്ച് വിഷയം ചർച്ചയായപ്പോഴാണ് തിരക്കുകൂട്ടി നവംബർ 22ന് ഉദ്ഘാടനം ചെയ്തത്.
മൂന്നാഴ്ച കഴിഞ്ഞിട്ടും പച്ചത്തേങ്ങ സംഭരിക്കാനുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ല. കേരഫെഡ് എം.ഡിയുമായി കരാറുണ്ടാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ വൈകിയതാണ് സംഭരണകേന്ദ്രം തുടങ്ങുന്നതിന് കാലതാമസമെടുത്തതെന്നാണ് കൃഷിവകുപ്പ് പറയുന്നത്. അതേസമയം നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ എന്തിന് ഉദ്ഘാടന മാമാങ്കം നടത്തിയെന്നാണ് കർഷകർ ചോദിക്കുന്നത്.
മുള്ളൻകൊല്ലിയിലെ റബർ ആൻഡ് അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് കോഓപറേറ്റിവ് സൊസൈറ്റിയിലാണ് പച്ചത്തേങ്ങ സംഭരണകേന്ദ്രം തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. പച്ചത്തേങ്ങ സംഭരണകേന്ദ്രം ആരംഭിക്കുന്നതോടെ മെച്ചപ്പെട്ട വില ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ.
സംഭരണകേന്ദ്രം തുടങ്ങാത്തത് കാരണം കുറഞ്ഞ വിലക്ക് പൊതുവിപണിയിൽ വിൽക്കേണ്ട അവസ്ഥയാണെന്നാണ് കർഷകർ പറയുന്നത്. അതേസമയം, സംഭരണം ആരംഭിച്ച മറ്റു ജില്ലകളിൽ കൃത്യമായി കർഷകർക്ക് പണം ലഭിക്കുന്നില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. തേങ്ങ നൽകി 40 ദിവസത്തിനുള്ളിൽ കർഷകന് അക്കൗണ്ടിൽ പണം നൽകണമെന്നാണ് ചട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.