തിരൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം ക്രൂര മർദ്ദനമേറ്റ്; രണ്ടാനച്ഛനെ പിടികൂടി, മാതാവും കസ്റ്റഡിയിൽ
text_fieldsതിരൂർ (മലപ്പുറം): തിരൂർ ഇല്ലത്തപാടത്തെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പശ്ചിമ ബംഗാൾ ഹുഗ്ലി സ്വദേശിയായ മൂന്ന് വയസ്സുകാരൻ ഷെയ്ഖ് സിറാജിന്റെ മരണം ക്രൂര മർദ്ദനമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ആന്തരികവയവങ്ങൾക്കേറ്റ മർദ്ദനത്തെ തുടർന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുർമോട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കുട്ടിയെ രണ്ടാനച്ഛൻ അർമാൻ ദിവസങ്ങളോളമായി മർദ്ദിച്ചിരുന്നു. ബുധനാഴ്ചയും ക്രൂരമായി മർദ്ദനമേറ്റ കുട്ടി തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും മുമ്പ് മരണപ്പെടുകയായിരുന്നു. കുട്ടിയുടെ മരണ വിവരം അറിഞ്ഞതോടെ മുങ്ങിയ രണ്ടാനച്ഛൻ അർമാനെ ഒറ്റപ്പാലത്തുനിന്ന് തിരൂർ പൊലീസ് പിടികൂടി.
ഇയാളുടെ മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് ഒറ്റപ്പാലത്തുനിന്ന് അർമാനെ പിടികൂടിയത്. തുടർന്ന് വൈകീട്ടോടെ തിരൂരിലെത്തിച്ച പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബുധനാഴ്ച രാത്രി തന്നെ കുട്ടിയുടെ മാതാവ് മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇവർ താമസിക്കുന്ന സ്ഥലത്തെ വാർഡ് മെമ്പർ, കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്ന ഓട്ടോറിക്ഷ ഡ്രൈവർ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഒരാഴ്ച മുമ്പാണ് ഈ കുടുംബം ഇല്ലത്തപാടത്തെ ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്. ആദ്യ ഭർത്താവായ ഷെയ്ഖ് റഫീഖുമായി വേർപിരിഞ്ഞ മുംതസ് ഒരു വർഷം മുമ്പാണ് അർമാനെ വിവാഹം കഴിച്ചത്. അർമാന്റെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തിയേക്കും.
കുട്ടിയെ മർദ്ദിച്ചിരുന്നതായി പ്രതി അർമാൻ പൊലീസിനോട് സമ്മതിച്ചിണ്ട്. താൻ ലഹരി ഉപയോഗിക്കാറുണ്ടെന്നും പ്രതി പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു.
കുട്ടിയെ വ്യാഴാഴ്ച രാത്രി കോരങ്ങത്ത് ജുമാമസ്ജിദിൽ ഖബറടക്കി. തിരൂർ സി.ഐ എം.ജെ. ജിജോ, എസ്.ഐ ജലീൽ കറുത്തേടത്ത് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.