മൂന്നു വയസ്സുകാരിയെ മാതാവ് ബക്കറ്റിൽ മുക്കി കൊന്നു; ഇളയ മകൻ ഗുരുതരാവസ്ഥയിൽ
text_fieldsനാദാപുരം: മൂന്നു വയസ്സുകാരിയെ മാതാവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. ബക്കറ്റിൽ മുക്കിയ ഇളയ മകനെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമേരി കക്കംവെള്ളിയിലെ കുളങ്ങരത്ത് മുഹമ്മദ് ഖൈസിെൻറ മൂത്ത മകൾ ഇൻഷാ ലാമിയ (മൂന്ന്) ആണ് മരിച്ചത്. ഒന്നരവയസ്സുകാരൻ ഇളയ മകൻ അമൻ സയാനാണ് രക്ഷപ്പെട്ടത്. കൃത്യത്തിന് ശേഷം ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച മാതാവ് സഫൂറയെ (25) നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പൊലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച ഉച്ച 12നാണ് പുറമേരിയിലെ ഭർതൃവീട്ടിൽ നാടിനെ നടുക്കിയ സംഭവം നടന്നത്.
കുട്ടികൾക്ക് കഞ്ഞികൊടുക്കാനെന്ന് പറഞ്ഞു മുകളിലത്തെ മുറിയിൽ കൊണ്ടുപോയി കുളിമുറിയിൽവെച്ചാണ് കൃത്യം നടത്തിയത്. ശരീരത്തിൽ മുറിവേൽപിച്ച് താഴേക്കുവന്ന് സഫൂറതന്നെയാണ് ഭർതൃസഹോദരി നൗഷിദയോട് വിവരം പറഞ്ഞത്. വീട്ടുകാർ ബഹളംവെച്ചതിനെ തുടർന്ന് അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും സഫൂറതന്നെ ഇതുവഴിവന്ന ബൈക്കിൽ മൂത്ത കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
ഗുരുതരാവസ്ഥയിലായ ഇളയ കുട്ടിയെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കുട്ടി അപകടനില തരണംചെയ്തിട്ടുണ്ട്. ഇൻഷാ ലാമിയയുടെ മൃതശരീരം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നാദാപുരം ഡിവൈ.എസ്.പി. ഇ. സുനിൽകുമാറിനാണ് അന്വേഷണച്ചുമതല. സഫൂറക്കെതിരെ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തു. കൃത്യം ചെയ്യാൻ സഫൂറയെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.