ഗൗരിയമ്മയുടെ വേർപാടിന് ഇന്ന് മൂന്ന് വയസ്സ്; ചാത്തനാട്ടെ വീട് സ്മാരകമാക്കുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല
text_fieldsആലപ്പുഴ: കമ്യൂണിസ്റ്റ് വിപ്ലവനക്ഷത്രവും മുൻ മന്ത്രിയും ദീർഘകാലം എം.എൽ.എയുമെല്ലാമായിരുന്ന കെ.ആർ. ഗൗരിയമ്മയുടെ ഓർമകൾക്ക് ശനിയാഴ്ച മൂന്ന് വയസ്സ്. 2021 മേയ് 11ന് 102ാം വയസ്സിലാണ് വിപ്ലവനായിക വിടവാങ്ങിയത്. ആറ് പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും നിറഞ്ഞുനിന്ന ഗൗരിയമ്മയുടെ വേർപാടിന് മൂന്ന് വർഷമാകുമ്പോഴും വീട് സ്മാരകമാക്കുമെന്ന പ്രഖ്യാപനമെങ്ങുമെത്തിയില്ല.
രണ്ടുകോടി ചെലവഴിച്ച് ഗൗരിയമ്മയുടെ ആലപ്പുഴ ചാത്തനാട്ടെ വീട് സ്മാരകമാക്കുമെന്നായിരുന്നു പ്രഖ്യാപനം. ചാത്തനാട്ടെ കളത്തിൽപറമ്പിൽ വീട് സഹോദരി പുത്രി ഡോ. പി.സി. ബീനാകുമാരിക്ക് നൽകി ഗൗരിയമ്മ വിൽപത്രമെഴുതിയിരുന്നു. ഐക്യകേരളത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മാത്രമല്ല, യു.ഡി.എഫ് രാഷ്ട്രീയത്തിന്റെയും ചരിത്രസ്പന്ദനമേറ്റുവാങ്ങിയ വീടാണിത്. ഗൗരിയമ്മ ഭർത്താവും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി. തോമസുമൊത്ത് ഏറെക്കാലം താമസിച്ചത് ഇവിടെയായിരുന്നു.
നേതാവും മന്ത്രിയും എം.എൽ.എയുമൊക്കെയായി ഒരുപാട് മേലങ്കികള്‍ പൊതുജീവിതത്തില്‍ ധരിച്ചെങ്കിലും ‘വിപ്ലവകാരി’ എന്ന മേല്‍വിലാസത്തിലാണ് കെ.ആർ. ഗൗരിയമ്മയുടെ ജീവിതം കേരളം അടയാളപ്പെടുത്തിയത്. ജാതിയുടെയും സ്ത്രീത്വത്തിന്റെയും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും പേരിലായിരുന്നു നിന്ദകള്‍ ഏറെയും കേട്ടത്. ‘‘കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്. ഗൗരി ഭരിച്ചീടും’’ എന്ന് അണികളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച പാര്‍ട്ടി തന്നെയാണ് ഗൗരിയമ്മക്ക് മുഖ്യമന്ത്രിയാകാന്‍ അവസരം നിഷേധിച്ചത്. 1987 തെരഞ്ഞെടുപ്പിലാണ് സി.പി.എം അവരെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിയത്. പിന്നീട്, ഇ.കെ. നായനാരാണ് മുഖ്യമന്ത്രിയായത്.
1994ല്‍ ഗൗരിയമ്മ രൂപവത്കരിച്ച ജനാധിപത്യ സംരക്ഷണസമിതി (ജെ.എസ്.എസ്) എന്ന പാര്‍ട്ടി രണ്ടു വിഭാഗങ്ങളായി യു.ഡി.എഫിലും എൽ.ഡി.എഫിലുമായിട്ടാണ് ഇപ്പോഴത്തെ പ്രവർത്തനം. ഡോ. പി.സി. ബീനാകുമാരിയുടെ നേതൃത്വത്തിലുള്ള വിഭാഗം എൽ.ഡി.എഫിനൊപ്പവും എ.എൻ. രാജൻബാബു വിഭാഗം യു.ഡി.എഫിനൊപ്പവുമാണുള്ളത്.
1919 ജൂലൈ 17ന് ചേർത്തല പട്ടണക്കാട് അന്ധകാരനഴി വിയാത്ര കളത്തിപറമ്പിൽ രാമന്റെയും പാർവതിയമ്മയുടെയും 10 മക്കളിൽ ഏഴാമത്തെയാളായി ജനനം. മഹാരാജാസ് കോളജിലെ പ്രീ യൂനിവേഴ്സിറ്റി പഠനത്തിനുശേഷം സെൻറ് തേരേസാസിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. തിരുവനന്തപുരം ലോ കോളജിൽ നിയമബിരുദവും നേടി. തിരുവിതാംകൂറിൽ ഈഴവ സമുദായത്തിൽനിന്ന് ആദ്യമായി നിയമബിരുദം നേടിയ ഗൗരിയമ്മ ദിവാൻ ഭരണകാലത്ത് വാഗ്ദാനം ചെയ്ത ഉയർന്ന സർക്കാർ ഉദ്യോഗം വേണ്ടെന്നുവെച്ചാണ് രാഷ്ട്രീയത്തിലെത്തിയത്.
1957ലെ ഇ.എം.എസ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി. തോമസിനെ വിവാഹം കഴിച്ചു. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ടി.വി. തോമസ് സി.പി.ഐയിലും ഗൗരിയമ്മ സി.പി.എമ്മിലും ചേർന്നു. കേരളത്തിൽ ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം, ഏറ്റവും കൂടുതൽ കാലം എം.എൽ.എയും മന്ത്രിയുമായ വനിത തുടങ്ങിയ നിരവധി റെക്കോഡുകളുണ്ട്. 2010ൽ പുറത്തിറങ്ങിയ ഗൗരിയമ്മയുടെ ആത്മകഥക്ക് 2011ലെ കേരള സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചു. 1952-53, 1954-56 കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും കേരള സംസ്ഥാനത്തിലെ അഞ്ചാം നിയമസഭയിലൊഴികെ ഒന്നുമുതൽ 11 വരെ സഭകളിലും അംഗമായി. 1957 മുതൽ 2004 വരെ ആറ് മന്ത്രിസഭയിൽ അംഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.