കരിപ്പൂര്‍ വിമാനദുരന്തത്തിന് മൂന്നാണ്ട്; കേന്ദ്രസഹായത്തിന് കാത്തിരിപ്പ് നീളുന്നു
text_fieldsകൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട വിമാനത്താവളത്തിലുണ്ടായ വിമാനദുരന്തത്തിന് മൂന്നുവര്‍ഷം പിന്നിടുമ്പോഴും മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമായില്ല. ദുരന്തത്തില്‍ 21 പേര് മരിക്കുകയും 169 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയും മറ്റ് പരിക്കുകളുള്ളവര്‍ക്ക് 50,000 രൂപയുമാണ് സഹായധനമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എയര്‍ ഇന്ത്യ പ്രഖ്യാപിച്ച ധനസഹായം മുഴുവന്‍ പേര്‍ക്കും നേരത്തേ തന്നെ ലഭ്യമാക്കിയിരുന്നു. പരിക്കേറ്റവര്‍ക്കുള്ള ചികിത്സ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതും ലഭ്യമായിട്ടില്ല. പരിക്കേറ്റവരില്‍ പലരും ഇപ്പോഴും ആരോഗ്യസ്ഥിതി വീണ്ടെടുത്തിട്ടില്ല.
2020 ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘വന്ദേഭാരത് മിഷ’ന്റെ ഭാഗമായി ജീവനക്കാരുള്‍പ്പെടെ 190 പേരുമായി ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ് പ്രസ് വിമാനമാണ് അപകടത്തിൽപെട്ടത്. ലാന്‍ഡിങ്ങിനിടെ നിയന്ത്രണം നഷ്ടമായ വിമാനം റണ്‍വേയില്‍നിന്ന് കിഴക്ക് ഭാഗത്തായി 100 മീറ്ററോളം താഴേക്ക് പതിക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ ചുറ്റുമതിലില്‍ തട്ടിനിന്ന വിമാനം മൂന്നായി പിളരുകയും ചെയ്തു. രണ്ട് പൈലറ്റുമാരും 19 യാത്രക്കാരുമാണ് മരിച്ചത്.
കോവിഡ് ഭീഷണി വകവെക്കാതെ സ്ഥലത്തെത്തിയ നാട്ടുകാരുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് കൂടുതല്‍ മരണങ്ങള് ഇല്ലാതാക്കിയത്. കൊണ്ടോട്ടി, പാലക്കാപ്പറമ്പ്, മുക്കൂട്, ചിറയില്‍, തറയിട്ടാല്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയിരുന്ന നാട്ടുകാരുടെ സംഘങ്ങൾ രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.