52കാരനെ ലക്ഷ്യമിട്ട 15കാരന്‍റെ ഹണി ട്രാപ്പ്: കൗമാരക്കാരായ പ്രതികൾ റിമാൻഡിൽ
text_fieldsഅരീക്കോട്: മധ്യവയസ്കനെ മർദ്ദിച്ചു പണം തട്ടിയ കേസിൽ മൂന്ന് പേരെ മഞ്ചേരി ജുഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കാവനൂർ സ്വദേശി ചാലക്കണ്ടി വീട്ടിൽ ഇർഫാൻ (19), പുത്തലം സ്വദേശി ആഷിക്(18) എടവണ്ണ സ്വദേശി കണ്ണീരി വീട്ടിൽ ഹരികൃഷ്ണൻ (18) എന്നിവരാണ് റിമാൻഡിലായത്.
പരാതിക്കാരനും 15 കാരനും തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെയാണ് പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും നിരന്തരം സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് സൗഹൃദം കൂടുതൽ ബലപ്പെടുത്തി. തുടർന്ന് ഇരുവരും അരീക്കോട് വെച്ച് കഴിഞ്ഞ ദിവസം കാണാൻ തീരുമാനിച്ചു. അരീക്കോട് എത്തിയ മധ്യവയസ്കനെ പ്രതികൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു.
ആദ്യം 20,000 രൂപയും പിന്നെ രണ്ട് ഘട്ടമായി ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതിൽ 40,000 രൂപ പരാതിക്കാരൻ സംഘത്തിന് നൽകി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഭാര്യയുടെ ആഭരണം പണയംവെക്കാനെത്തിയ സമയത്താണ് വിഷയം അരീക്കോട് പൊലീസറിയുന്നത്.
തട്ടിയെടുത്ത പണവുമായി കൊടൈക്കനാലിൽ പോയി തിരിച്ചെത്തിയ സംഘത്തെ തന്ത്രപരമായി വലയിലാക്കുകയുമായിരുന്നു. അരീക്കോട് എസ്.എച്ച്.ഒ വി. ഷിജിത്തിന്‍റെ നേതൃത്വത്തിൽ എസ്.ഐ നവീൻ ഷാജാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
അതേസമയം, ഹണി ട്രാപ്പ് തട്ടിപ്പ് ആൺ പെൺ വ്യത്യാസ മില്ലാതെയാണ് അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടക്കുന്നതെന്ന് അരീക്കോട് എസ്.എച്ച്.ഒ വി. വിജിത്ത് മാധ്യമത്തോട് പറഞ്ഞു. സമാനമായ തട്ടിപ്പിന് മറ്റുചിലരും ഇരയായിട്ടുണ്ട്. എന്നാൽ ഇവർ പരാതി നൽകാൻ തയാറായിട്ടില്ല. ലക്ഷങ്ങളാണ് പലർക്കും നഷ്ടമായതെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.