ഒന്നര കോടിയുടെ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
text_fieldsപറവൂർ: 1.5 കോടി വിലമതിക്കുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കരുമാല്ലൂർ തട്ടാമ്പടി കുളത്തിൽ വീട്ടിൽ നിധിൻ (28), നീറിക്കോട് തേവാരപ്പിള്ളി നിധിൻ (26), ഇവർക്ക് വീട് വാടകക്കെടുത്ത് നൽകിയ പെരുവാരം ശരണം വീട്ടിൽ അമിത് കുമാർ (29) എന്നിവരാണ് പിടിയിലായത്. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ മന്നം-തത്തപ്പിള്ളി റോഡിൽ അത്താണി കവലയിൽനിന്നാണ് 1.810 കിലോ എം.ഡി.എം.എ പിടിച്ചെടുത്തത്. പരിശോധനക്കിടെ വാണിയക്കാട് സ്വദേശിയായ യുവാവ് കടന്നുകളഞ്ഞു. സംസ്ഥാനത്ത് സമീപകാലത്ത് നടന്ന വൻ ലഹരിമരുന്ന് വേട്ടകളിൽ ഒന്നാണിത്.
എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാവിലെ എട്ട് മുതലായിരുന്നു പരിശോധന. ഇവർ താമസിച്ച വീട്ടിൽ നിർത്തിയിട്ട കാറിൽനിന്ന് ആദ്യം 16 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. തുടർന്ന് വീട് വാടകക്കെടുത്ത് നൽകിയ അമിത് കുമാറിനെ വരുത്തി വിശദ പരിശോധന നടത്തി. വീടിന് പുറത്ത് മാറ്റിയിട്ട ടയറിനുള്ളിൽനിന്നാണ് ബാക്കി മയക്കുമരുന്ന് ശേഖരം പിടികൂടിയത്. നാലുമാസം മുമ്പ് സിനിമ-സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവരെന്ന് പരിചയപ്പെടുത്തിയാണ് വീട് വാടകക്കെടുത്തത്. ഡൽഹിയിൽ നിന്നാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നത്. കൂടിയ അളവിൽ എം.ഡി.എം.എ കൊണ്ടുവന്ന് 20, 50 ഗ്രാം പാക്കറ്റുകളിലാക്കിയാണ് വിൽപന. ഡിസംബർ 25ന് വിമാനമാർഗം ഡൽഹിക്ക് പോയ മൂവർസംഘം അവിടെനിന്ന് സെക്കൻഡ്ഹാൻഡ് വാഹനം വാങ്ങി മയക്കുമരുന്നുമായി നാട്ടിലെത്തി വിൽപന നടത്തുകയായിരുന്നു.
വാടകവീട്ടിൽ അഭിനേതാക്കളെ കണ്ടെത്താനുള്ള ഓഡിഷൻ ടെസ്റ്റും ഇവർ നടത്തിയിരുന്നു. നിരവധിപേർ രാത്രിയും പകലും ഇവിടെ വന്നുപോയിരുന്നു. സിനിമ പ്രവർത്തകരാണെന്ന് പറഞ്ഞതിനാൽ സമീപവാസികൾക്ക് സംശയം തോന്നിയില്ല. എന്നാൽ, അടുത്ത കാലത്തായി യുവാക്കൾ സംഘം ചേർന്ന് എത്തുന്നത് നാട്ടുകാരിൽ സംശയമുണ്ടാക്കി. വീടും പരിസരവും ആഴ്ചകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ‘ഓപറേഷൻ ക്ലീൻ എറണാകുളം റൂറൽ’ കാമ്പയിനിന്‍റെ ഭാഗമായി ഡാൻസാഫ് ടീമും പറവൂർ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. തട്ടാമ്പടി സ്വദേശിയായ നിധിൻ പാലക്കാട് 12 കിലോ കഞ്ചാവ് പിടിച്ച കേസിൽ പ്രതിയാണ്. നീറിക്കോട് സ്വദേശി നിധിൻ കൊലപാതക ശ്രമം, ആത്മഹത്യ പ്രേരണ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.
ഇവർ ഉപയോഗിച്ച രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. ഡിവൈ.എസ്.പിമാരായ പി.പി. ഷംസ്, എം.കെ. മുരളി, ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ പ്രശാന്ത് പി. നായർ, ഷാഹുൽ ഹമീദ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.