ഇനി വിശുദ്ധ ത്രേസ്യ
text_fieldsവത്തിക്കാന്‍ സിറ്റി: മലയാളിയായ മദർ മറിയം ത്രേസ്യ ഇനി വിശുദ്ധ. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിെൻറ സ്ഥാപകയായ മറിയം ത്രേസ്യയെ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്. ഇതോടെ അവർ ആഗോള കത്തോലിക്കാസഭയുടെ ദേവാലയങ്ങളിൽ അൾത്താര വണക്കത്തിന് യോഗ്യയായി. വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയില്‍ ആയിരക്കണക്കിനു പേർ സാക്ഷികളായ ചടങ്ങിൽ ഇവർ ഉള്‍പ്പെടെ അഞ്ചുപേരെ വിശുദ്ധരായി പ്രഖ്യാപിച്ചു.
ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ച 1.30 ഓടെ നടന്ന ദിവ്യബലിക്കിടെയാണ് വിശുദ്ധ പ്രഖ്യാപനം. അഞ്ചു പേരുടെ ജീവചരിത്രം ദിവ്യബലിക്കിടെ വായിച്ചു. കര്‍ദിനാള്‍ ജോണ്‍ ഹെൻട്രി ന്യൂമാന്‍ (ഇംഗ്ലണ്ട്), സിസ്റ്റര്‍ മാര്‍ഗരിറ്റ ബേയ്സ്(സ്വിറ്റ്സര്‍ലന്‍ഡ്) സിസ്റ്റര്‍ ഡൽസ് ലോേപ്പസ് പോന്തേസ് (ബ്രസീല്‍), സിസ്റ്റർ ജിയുസിപ്പിന വന്നിനി (ഇറ്റലി) എന്നിവരാണ് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയ മറ്റുള്ളവർ.
വിശുദ്ധരായി ഉയര്‍ത്തപ്പെട്ടവരുടെ രൂപത അധ്യക്ഷന്മാര് സഹകാർമികരായി. മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷന്‍ എന്നനിലയില്‍ ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടനാണ് സഹകാർമികനായത്. മലയാളത്തിലും പ്രാർഥനയും ഗാനാർച്ചനയുമുണ്ടായിരുന്നു.
അഞ്ചുപേരില്‍ മൂന്നാമതായാണ് മറിയം ത്രേസ്യയുടെ പേര് വിശുദ്ധ ഗണത്തിലേക്ക് മാർപാപ്പ വിളിച്ചത്. അതോടെ ഇന്ത്യയിൽനിന്ന് വിശുദ്ധപദവിയിൽ എത്തുന്ന അഞ്ചാമത്തെ വ്യക്തിയായി മറിയം ത്രേസ്യ. അൽഫോൺസാമ്മ, മദർ തെരേസ, ചാവറയച്ചൻ, എവുപ്രാസ്യാമ്മ എന്നിവരാണ് മറ്റു നാലുപേർ. 1926 ഫെബ്രുവരി 12ന് 50ാം വയസ്സിലാണ് മറിയം ത്രേസ്യ അന്തരിച്ചത്. 1999 ജൂണ്‍ 28 ന് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ധന്യ എന്ന് നാമകരണം ചെയ്തു. 2000 ഏപ്രിൽ ഒമ്പതിന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.
കേന്ദ്രമന്ത്രി വി. മുരളീധരന് , എം.പിമാരായ ടി.എന്‍. പ്രതാപന്, ബെന്നി ബഹനാന്, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തൃശൂര്‍ ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജേക്കബ് മനത്തോടത്ത്, ജസറ്റിസ് കുര്യന് ജോസഫ്, ഹോളി ഫാമിലി സന്യാസിനി സമൂഹത്തിലെ 240 സിസ്റ്റര്മാര് തുടങ്ങിയവര്‍ ഞായറാഴ്ചത്തെ ചടങ്ങുകളില്‍ പങ്കെടുത്തു.
മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ രോഗശാന്തി നേടിയ ബാലനായ ക്രിസ്റ്റഫര്‍ ജോഷിയും കുടുംബവും ക്രിസ്റ്റഫറിനെ ചികിത്സിച്ച അമല മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ശ്രീനിവാസനും വത്തിക്കാനിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.